
ഗതാഗത പിഴയിൽ ഇളവ് അനുവദിച്ച് ഷാർജ: രണ്ട് മാസത്തിനുള്ളിൽ അടക്കുന്നവർക്ക് 35% കുറവ്
ഷാർജ: ഷാർജയിലെ ട്രാഫിക് ഫൈനലിൽ സർക്കാർ ഇളവ് അനുവദിച്ചു. കുറ്റകൃത്യം ചെയ്ത് 60 ദിവസത്തിനുള്ളിൽ പിഴ അടച്ചാൽ 35% കുറവ് ലഭിക്കും. പിഴ, വാഹനം പിടിച്ചുവയ്ക്കുന്നതിനുള്ള ഫീസ്, വാഹനം സൂക്ഷിക്കുന്നതിനുള്ള ഫീസ്, കുടിശിക പിഴകൾ എന്നിവയ്ക്ക് ഈ ഇളവ് ബാധകമാണ്.
60 ദിവസത്തിന് ശേഷവും ഒരു വർഷത്തിന് മുൻപും പണമടച്ചാൽ, സാമ്പത്തിക പിഴയിൽ മാത്രം 25% കുറവ് ലഭിക്കും. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഇത് ബാധകമല്ല.
ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.
വ്യത്യസ്ത സാമ്പത്തിക വിഭാഗത്തിലുള്ള 88 പദ്ധതികൾ ഉൾപ്പെടുന്ന സംരംഭങ്ങൾക്കുള്ള സർക്കാർ ഫീസിൽ 50% കുറവ് നൽകാനും കൗൺസിൽ തീരുമാനിച്ചു.