ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ 'റൈസ്' സംരംഭം: 95% ഇരകളും സ്ത്രീകൾ

സാമ്പത്തിക പ്രശ്നങ്ങൾ മുഖ്യ കാരണം
Sharjah Indian Association 'Rise' initiative

ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ 'റൈസ്' സംരംഭം: 95% ഇരകളും സ്ത്രീകൾ

Updated on

ഷാർജ: പ്രവാസി ഇന്ത്യൻ സമൂഹത്തിലെ ഗാർഹിക പീഡന പരാതികൾ പരിഹരിക്കുന്നതിനും ഒറ്റപ്പെട്ട് പോയവരെ ചേർത്ത് പിടിക്കുന്നതിനുമായി ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ നേതൃത്വത്തിൽ തുടങ്ങിയ 'റൈസ്' സംരംഭത്തിൽ ഇതുവരെ ലഭിച്ചത് 25 ഗാർഹിക പീഡന പരാതികൾ.ഇരകളിൽ 95%വും സ്ത്രീകളാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാസം രണ്ടിനാണ് 'റൈസ്' പ്രവർത്തനം തുടങ്ങിയത്. ഒരാഴ്ചക്കുള്ളിൽ രണ്ട് പുരുഷന്മാർ മാത്രമാണ് പരാതി നൽകിയിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിലൊന്ന് സാമ്പത്തിക തട്ടിപ്പ് പരാതിയാണ്. മലയാളിയായ ഭർത്താവിനെ കബളിപ്പിച്ച് ഒരു ലക്ഷം ദിർഹം തട്ടിയെടുത്ത കേസാണിത്. ഇതെത്തുടർന്ന് എൻജിനീയറും ഒരു പ്രമുഖ കമ്പനിയിലെ മാനേജരുമായ ഭർത്താവിന് ജോലി നഷ്ടമായി. ആരുമറിയാതെ കമ്പനിയിൽ നിന്ന് തുക പിൻവലിച്ച് തിരിമറി നടത്തിയതിന് ഇയാൾ ഇപ്പോൾ നിയമ നടപടി നേരിടുകയാണ്. കുടുംബത്തിനകത്തെ അസ്വസ്ഥത കൈയാങ്കളിയിലെത്തിയ സംഭവത്തിൽ ഷാർജ പോലീസ് കേസെടുത്തിട്ടുണ്ട്.

കുടുംബ പ്രശ്നങ്ങൾ വർദ്ധിക്കാനുള്ള പ്രധാന കാരണം സാമ്പത്തിക വിഷയങ്ങളാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര ചൂണ്ടിക്കാട്ടി. ധനത്തോടുള്ള ആർത്തി, ബിസിനസ് തുടങ്ങാനുള്ള ശ്രമം, എല്ലാ സാമ്പത്തിക ഇടപാടുകളിലും ഭാര്യയുടെ പേരിലുള്ള ചെക്ക്, ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ നൽകൽ ഇവയൊക്കെ പിന്നീട് വലിയ കലഹത്തിൽ കലാശിക്കുന്നു. ലഹരിയുടെ ഉപയോഗമാണ് രണ്ടാമത്തെ കാരണമെന്ന് നിസാർ തളങ്കര പറയുന്നു. പുതു തലമുറ മലയാളി യുവാക്കളിൽ വീടുകളിൽ പാർട്ടി നടത്തുന്ന പ്രവണത വ്യാപകമാവുന്നുവെന്ന് തളങ്കര നിരീക്ഷിക്കുന്നു. ഇത്തരം പാർട്ടി മൂലം ഒരു മലയാളി യുവതി വീട് വിട്ട് ഇറങ്ങിയ അനുഭവവും അദ്ദേഹം പങ്കുവെച്ചു. വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നത് കുടുംബങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിസയും പാസ്പോർട്ടും പുതുക്കാതെ ഭാര്യയേയും മക്കളേയും അനധികൃത താമസക്കാരാക്കി ദുർബലപ്പെടുത്തുന്നവർ, ഭാര്യയെ ചെക്ക് കേസിൽ പെടുത്തുന്നവർ, സംശയരോ​ഗം, സ്ത്രീധന പ്രശ്നങ്ങൾ തുടങ്ങി വിവിധ രീതിയിൽ പീഡനമനുഭവിക്കുന്നവരാണ് പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നത്. ഇവർക്ക് കൗൺിസിലിം​ഗ്, നിയമ സഹായം എന്നിവ ഉറപ്പുവരുത്തുന്നതിന് 25 വിദഗ്ദ്ധരുടെ പാനൽ സജ്ജമാക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് അറിയിച്ചു. ഇവർക്കൊപ്പം രാപകലില്ലാതെ ഭാരവാഹികളും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും രംഗത്തുണ്ട്. ഷാർജ കമ്മ്യൂണിറ്റി പൊലീസിന്‍റെ സഹായവും സഹകരണവും ഈ സംരംഭത്തിനുണ്ടെന്ന് ട്രഷറർ ഷാജിജോൺ പറഞ്ഞു. അനുരഞ്ജനത്തിന്‍റെ സാധ്യതകൾ പരിശോധിച്ച ശേഷം മാത്രമേ പോലീസ് മറ്റ് നടപടികളിലേക്ക് കടക്കാറുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഷാർജ എമിറേറ്റിൽ നിന്നാണ് കൂടുതൽ പരാതികൾ എത്തുന്നത്. മറ്റ് എമിറേറ്റുകളിൽ നിന്ന് സഹായം തേടിയെത്തുന്നവർക്കും സാന്ത്വനം നൽകാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ പറയുന്നു. വിപഞ്ചിക, അതുല്യ എന്നിവരുടെ ആത്മഹത്യയെ തുടർന്നാണ് 'റൈസ്' സംരംഭത്തിന് ഇന്ത്യൻ അസോസിയേഷൻ തുടക്കമിട്ടത്. ഇരുവരും ജീവനൊടുക്കിയ ശേഷം മൂന്നാമത് താനാണെന്ന് സൂചന നൽകിയ മലയാളി വീട്ടമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചുവെന്ന് പ്രസിഡന്‍റ് നിസാർ തളങ്കര വെളിപ്പെടുത്തി. 'ഒറ്റപ്പെട്ടു പോയവരോട് പറയാനുള്ളത് ഞങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട് എന്നതാണ്'- നിസാർ തളങ്കര പറയുന്നു. അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പീഡനം നേരിടുന്നവർക്ക് 065610845 എന്ന നമ്പറിലോ communitysupport@iassharjah.com എന്ന ഇമെയിൽ വഴിയോ അസോസിയേഷനുമായി ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com