
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള സാംസ്‌കാരിക-ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഞായറാഴ്ച വിദ്യാരംഭവും നവരാത്രി ആഘോഷവും നടത്തും. ഞായറാഴ്ച പുലർച്ചെ 5.30 മുതൽ രാവിലെ 9 മണി വരെയാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്. വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9 മുതൽ 12.30 വരെ സംഗീതാർച്ചനയും, ക്ലാസിക്കൽ ഡാൻസും അരങ്ങേറും. വൈകുന്നേരം 4 മണി മുതൽ 5 വരെ ചെണ്ടമേളവും 5 മണി മുതൽ രാത്രി 10 മണി വരെ തിരുവാതിര മത്സരവും നടത്തുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അറിയിച്ചു. ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ചക്കകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി ബന്ധപ്പെടേണ്ട നമ്പർ - 06 5610 845.