

ഷാർജാ ഇന്ത്യൻ സ്കൂളിലെ കെജി പ്രവേശനത്തിനായി നടത്തിയ നറുക്കെടുപ്പ്.
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂൾ കെജിയിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ കൂടിയപ്പോൾ സ്‌കൂൾ മാനേജ്‌മെന്‍റ് നറുക്കെടുപ്പിലൂടെ വിദ്യാർഥികളെ തെരഞ്ഞെടുത്തു.
1578 അപേക്ഷകളാണ് ഇത്തവണ കെജിയിലേക്ക് ഉണ്ടായിരുന്നത്. പ്രവേശനാനുമതി 952 വിദ്യാർഥികൾക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. അസോസിയേഷന്‍റെ കീഴിലുള്ള ഗൾഫ് റോസ് നേഴ്‌സറിയിൽ നിന്നുള്ള കുട്ടികൾക്കും സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങൾക്കും സ്റ്റാഫംഗങ്ങളുടെ കുട്ടികൾക്കും ശേഷം ഒഴിവു വരുന്ന 100 സീറ്റുകളിലേക്കാണ് നറുക്കെടുപ്പ് നടത്തിയത്.
നറുക്കെടുപ്പിലൂടെ 50 വീതം ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് തെരഞ്ഞെടുത്തത്.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, വൈസ് പ്രസിഡന്‍റ് പ്രദീപ് നെന്മാറ, ജോയിന്‍റ് ജനറൽ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ പയ്യന്നൂർ, മുരളീധരൻഇടവന, അനീസ് റഹ്മാൻ, യൂസഫ് സഗീർ, സജി മണപ്പാറ, ജെ.എസ്.ജേക്കബ്, നസീർ കുനിയിൽ എന്നിവർ ചേർന്നാണ് നറുക്കെടുപ്പുകൾ പൂർത്തിയാക്കിയത്.
പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസ്‌റുദ്ദീൻ, കെ.ജി വൺ സൂപ്പർവൈസർമാരായ സുനില അനിൽ, കെ.ജി.ടു സൂപ്പർവൈസർ മലിഹാ ജുനൈദി തുടങ്ങിയവർ നേതൃത്വം നൽകി.