
ഷാർജ മുവൈല റൗണ്ട് എബൗട്ടിൽ അറ്റകുറ്റപ്പണി: ഞായർ മുതൽ താത്ക്കാലികമായി അടച്ചിടുന്നു
ഷാർജ: മുവൈല വാണിജ്യ മേഖലയിലെ ഹോളി ഖുർആൻ കോംപ്ലക്‌സിന് സമീപത്തെ റൗണ്ട്എബൗട്ട് അറ്റകുറ്റപ്പണികൾക്ക് വേണ്ടി ഞായറാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഈ മാസം 22 വെള്ളിയാഴ്ച വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും. ഇക്കാലയളവിൽ സുഗമ ഗതാഗതം ഉറപ്പാക്കാൻ ബദൽ റൂട്ടുകൾ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ട്രാഫിക് സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാനും, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ പകരം റൂട്ടുകൾ ഉപയോഗിക്കാനും വാഹനമോടിക്കുന്നവരോടും റോഡ് ഉപയോക്താക്കളോടും അധികൃതർ അഭ്യർഥിച്ചു.
യൂണിവേഴ്സിറ്റി ബ്രിഡ്ജിന് സമീപത്തെ മലീഹ റോഡിനെയും ഷാർജ റിങ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡുകൾ രണ്ട് മാസത്തേക്ക് അടച്ചിടുമെന്ന് കഴിഞ്ഞ മാസം എസ്ആർടിഎ അറിയിച്ചിരുന്നു. ഇത്തിഹാദ് റെയിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഇവ അടച്ചിടുന്നത്.