
ഷാർജ: ക്രൂയിസ് കൺട്രോൾ തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗത്തിൽ പാഞ്ഞ കാറിന്‍റെ ഡ്രൈവറെ രക്ഷപ്പെടുത്തി ഷാർജ പോലീസ്. അൽ ദൈദ് റോഡിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ വാഹനമോടിക്കവെയാണ് തന്‍റെ കാറിന്‍റെ ക്രൂയിസ് കൺട്രോൾ തകരാറിലായതായിഡ്രൈവർക്ക് മനസിലായത്.ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലിസ് സംഘം പ്രദേശം സുരക്ഷിതമാക്കുകയും സമീപത്തുള്ള മറ്റ് പട്രോളിങ്ങ് യൂണിറ്റുകളുമായി ഏകോപിപ്പിച്ച് ഡ്രൈവർക്ക് അകമ്പടി സേവിക്കുകയും ചെയ്തു.
ഈ സമയത്ത്, സെൻട്രൽ ഓപ്പറേഷൻസ് റൂമിലെ ജീവനക്കാർ ഡ്രൈവറുമായി ആശയ വിനിമയം നടത്തുകയും ക്രൂയിസ് കൺട്രോൾ എങ്ങനെ വിച്ഛേദിക്കാമെന്ന് നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇതെ തുടർന്ന് ഡ്രൈവർക്ക് ക്രൂയിസ് കൺട്രോൾ ഓഫ് ചെയ്യാനും വാഹനം നിർത്താനും പരുക്കുകളൊന്നുമില്ലാതെ സുരക്ഷിതമായി പുറത്തിറങ്ങാനും കഴിഞ്ഞു. വാഹന ഉടമകൾ ഗതാഗത മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും പതിവായി വാഹനങ്ങൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999ൽ വിളിച്ച് ഓപറേഷൻസ് റൂമുമായി ഉടൻ ബന്ധപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.