

ഷാർജ- മസ്‌കറ്റ് ഇന്‍റർസിറ്റി ബസ് സർവീസ്: സമയക്രമം പുതുക്കിയതായി ഷാർജ ആർടിഎ
ഷാർജ: യുഎഇയിലെ ഷാർജയെയും ഒമാൻ തലസ്ഥാനമായ മസ്കത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ഇന്‍റർസിറ്റി ബസ് സർവീസിന്‍റെ (റൂട്ട് 203) സമയക്രമം പുതുക്കിയതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന താമസക്കാർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം. ഷാർജയിലെ പ്രമുഖ യാത്രാ ഹബ്ബായ അൽ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്.
ഒമാൻ ദേശീയ പൊതുഗതാഗത കമ്പനിയായ 'മവാസലാത്' തുമായി സഹകരിച്ചാണ് ഈ അന്താരാഷ്ട്ര സർവീസ് നടത്തപ്പെടുന്നത്. സൊഹാർ വഴി മസ്കത്തിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാക്കാൻ പുതിയ സമയക്രമം സഹായിക്കും.
ഷാർജയിൽ നിന്ന് മസ്കത്തിലേക്ക് (ദിവസേന 3 സർവീസുകൾ):രാവിലെ 6:30, ഉച്ചയ്ക്ക് ശേഷം 3:30, രാത്രി 8:30. ഒമാനിൽ നിന്ന് തിരികെ ഷാർജയിലേക്ക് (സൊഹാറിൽ നിന്നും മസ്കത്തിൽ നിന്നും):രാവിലെ 7:00, ഉച്ചയ്ക്ക് 1:30, വൈകുന്നേരം 3:00.