ഇന്ത്യൻ വിദ്യാർഥിയുടെ മരണം: രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാർ

ഷാർജ മുവൈലയിലെ സ്‌കൂളിൽ എട്ട് വയസുള്ള ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് വീണ് മരിച്ച സംഭവത്തിൽ രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരെന്ന് കോടതി വിധിച്ചു
Sharjah school staff convicted in Indian student's death

റാഷിദ് ഹബീബ്

Updated on

ഷാർജ: ഷാർജ മുവൈലയിലെ സ്‌കൂളിൽ എട്ട് വയസുള്ള ഇന്ത്യൻ വിദ്യാർഥി റാഷിദ് ഹബീബ് വീണ് മരിച്ച സംഭവത്തിൽ രണ്ട് സ്കൂൾ ജീവനക്കാർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഇരുവരെയും കുറ്റവിമുക്തരാക്കികൊണ്ടുള്ള കീഴ്‌ക്കോടതി വിധി റദ്ദാക്കിയാണ് ഷാർജ ഫെഡറൽ അപ്പീൽ കോടതിയുടെ ഉത്തരവ്. പ്രതികൾ 200,000 ദിർഹം ദിയാധനവും 2,000 ദിർഹം പിഴയും നൽകണമെന്ന് ഷാർജ ഫെഡറൽ അപ്പീൽ കോടതി നിർദേശിച്ചു.

സ്കൂൾ ബസിൽ നിന്ന് വിദ്യാർഥികളെ ക്ലാസ് മുറികളിലേക്ക് കൊണ്ടുപോകുന്നതിലും നിരീക്ഷിക്കുന്നതിലും രണ്ട് ജീവനക്കാർ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി. സംഭവസമയത്ത് റാഷിദിനൊപ്പം ഇവർ ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കി.

2024 മാർച്ച് 11 ന്, റമദാൻ മാസത്തിലെ ആദ്യ ദിവസം ക്ലാസ് മുറിയിലേക്ക് ഒറ്റയ്ക്ക് നടക്കുന്നതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷാർജ പോലീസിന്‍റെ ഫോറൻസിക് റിപ്പോർട്ടിൽ റാഷിദിന്‍റെ മുഖത്ത് ചതവ്, കവിൾത്തടം പൊട്ടൽ, തലയോട്ടിക്ക് താഴെയുള്ള ആന്തരിക രക്തസ്രാവം, വീക്കം, രക്തസ്രാവം, തലച്ചോറിന് പരിക്കുകൾ എന്നിവ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

സംഭവസമയത്ത് സ്കൂൾ ജീവനക്കാരാരും കുട്ടികളോടൊപ്പം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീഴുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് മറ്റൊരു കുട്ടി റാഷിദിനെ അടിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി. എന്നാൽ വീഴ്ചയുടെ കൃത്യമായ ദൃശ്യങ്ങൾ ക്യാമറയിൽ നിന്ന് ലഭിച്ചില്ല.

ജീവനക്കാർ അവിടെ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും അപ്പീൽ കോടതി വിധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാതിരുന്ന സമയത്ത് ആൺകുട്ടിയെ ആരോ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നുവെങ്കിലും സ്കൂൾ അധികൃതർ അത് നിഷേധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com