
ദുബായ്: ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ ജൈറ്റക്സ് ഗ്ലോബലിൽ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി. രാജ്യം സാമ്പത്തിക വളർച്ചയുടെ പുതിയ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ ഭാവി വ്യവസായങ്ങളിൽ തന്ത്രപരമായ നിക്ഷേപം നടത്തുമെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നിർമിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക മേഖലകളുടെ ആഗോള ഹബായി യു എ ഇ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ളതും പുതിയതുമായ വ്യവസായങ്ങളുടെ പുരോഗതിയാണ് ലക്ഷ്യം വെക്കുന്നത്. സ്വദേശി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആഗോള സാങ്കേതിക പ്രതിഭാശാലികളുടെ മികവ് ഉപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും പ്രധാന മന്ത്രി പറഞ്ഞു.'ദുബായ് യൂണിവേഴ്സൽ ബ്ലൂപ്രിന്‍റ് ഫോർ എ ഐ' എന്ന സംരംഭത്തിന്‍റെ വളർച്ച വേഗത്തിലാക്കാൻ ജൈറ്റക്സ് സഹായിക്കുന്നു.എ ഐ രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള ദുബായ് സാങ്കേതിക രംഗത്തെ പുതിയ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
2033 ഓടെ ഡിജിറ്റൽ മേഖലകളിൽ നിന്ന് 100 ബില്യൺ ദിർഹം സമാഹരിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്ന 'ദുബായ് ഇക്കണോമിക് അജണ്ട ഡി 33 ക്ക് പുത്തൻ ഉണർവ് നൽകാൻ ജൈടെക്സിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ജൈടെക്സിലെ പ്രധാന പവിലിയനുകൾ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു.
ഇത്തവണ വിദേശ പങ്കാളിത്തത്തിൽ റെക്കോർഡ് വർധനയാണുള്ളത്. മുൻ സീസണുകളെക്കാൾ 40% വർധനയാണ് രേഖപ്പെടുത്തിയത്.നാനൂറിൽ അധികം സർക്കാർ-ഡിജിറ്റൽ ഏജൻസികൾ ജൈടെക്സിൽ പങ്കെടുക്കുന്നുണ്ട്.