
ഷോറിൻകൈ കപ്പ് ഇന്‍റർനാഷണൽ കരാട്ടെ ചാംപ‍്യൻഷിപ്പ്: കരാത്തെ കിഡ് ഓവറോൾ ചാംപ‍്യന്മാർ
ദുബായ്: ദുബായിലെ ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഷോറിൻകൈ കപ്പ് ഇന്‍റർനാഷണൽ കരാട്ടെ ചാംപ‍്യൻഷിപ്പിൽ കരാത്തെ കിഡ് മാർഷ്യൽ ആർട്സ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. 50-ൽ അധികം യുവപ്രതിഭകളാണ് കരാത്തെ കിഡിനെ പ്രതിനിധീകരിച്ചത്.
ഇന്ത്യ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കരാട്ടെ ക്ലബ്ബുകളിൽ നിന്നുള്ള 500-ലധികം മത്സരാർഥികളാണ് ചാംപ‍്യൻഷിപ്പിൽ പങ്കെടുത്തത്.
പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. നാല് വയസു മുതൽ എഴുപത് വയസു വരെയുള്ള മത്സരാർഥികളാണ് പങ്കെടുത്തത്.
ലോക കരാട്ടെ ഫെഡറേഷൻ അംഗീകൃത റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഷോറിൻകൈ ജപ്പാൻ വൈസ് പ്രസിഡന്‍റ് ഹാൻസി അക്കൈക്കേ ഉദ്ഘാടനം നിർവഹിച്ചു. ഹാൻസി മാർക്ക് ഗ്രേവില്ലേ (ഓസ്ട്രേലിയ), പൗലത്തേ റോസിയോ (ചിലി), ക്യാപ്റ്റൻ ഹസ്സൻ റാഷിദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. മുഹമ്മദ് ഫായിസ്, സി.വി. ഉസ്മാൻ, കോഷി സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.