
രാജ്യാന്തര ആംഗ്യഭാഷാ ദിനം ആഘോഷിച്ചു
ദുബായ്: ബധിര സമൂഹത്തിന്‍റെ ഭാഷാപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യാന്തര ആംഗ്യഭാഷാ ദിനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ആഘോഷിച്ചു. ആംഗ്യഭാഷയുടെ പ്രാധാന്യം യാത്രക്കാരെ ബോധ്യപ്പെടുത്താനുള്ള പ്രത്യേക ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ദുബായ് എയർപോർട്ടിലെ കുട്ടികളുടെ എമിഗ്രേഷൻ വിഭാഗത്തിലാണ് ഈ പരിപാടികൾ നടന്നത്. ആംഗ്യഭാഷയെക്കുറിച്ചുള്ള ബ്രോഷറുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും വിതരണം ചെയ്തു.
എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനെത്തിയ കുട്ടികൾ ആവേശത്തോടെ മുന്നോട്ട് വന്ന് കൈകൾ കൊണ്ട് ആംഗ്യഭാഷയിൽ 'ദുബായിലേക്ക് സ്വാഗതം' എന്ന് കാണിച്ചത് കൗതുകകരമായ കാഴ്ചയായി. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും യാത്രക്കാരും ഈ ഉദ്യമത്തിന് വലിയ പിന്തുണ നൽകി.
ആംഗ്യഭാഷാ ദിനം ആഘോഷിച്ചുകൊണ്ട് ആശയവിനിമയ തടസങ്ങൾ ഇല്ലാതാക്കി ബധിര സമൂഹത്തെയും അവരുടെ ഭാഷയെയും ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചും ഒരു സമഗ്ര സമൂഹം കെട്ടിപ്പടുക്കാനുള്ള ദുബായുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പരിപാടിയെന്ന് അധികൃതർ പറഞ്ഞു.