

ശാരീരികക്ഷമതാ സന്ദേശം ഉയർത്തി 'ദുബായ് റൈഡ്' ആറാം പതിപ്പ്
ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ ഭാഗമായി ശാരീരിക ക്ഷമതയുടെ സന്ദേശം ഉയർത്തി 'ദുബായ് റൈഡ്' ആറാം പതിപ്പ് വിജയകരമായി നടത്തി.ഷെയ്ഖ് സായിദ് റോഡിൽ ആയിരക്കണക്കിന് സൈക്ലിസ്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി തുടങ്ങിയത്. സമാരംഭിച്ചു. ഡിപി വേൾഡിന്‍റെ നേതൃത്വത്തിൽ നടന്ന പരിപടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുഗമമായ യാത്രാനുഭവം ഉറപ്പുവരുത്തുന്നതിനുമായി പുലർച്ചെ മുതൽ റോഡുകളിൽ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഷെയ്ഖ് സായിദ് റോഡിൽ ട്രേഡ് സെന്‍റർ റൗണ്ടബൗട്ട് മുതൽ അൽ ഹദീക പാലം വരെയും ലോവർ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റിൽ ഷെയ്ഖ് സായിദ് റോഡ് മുതൽ അൽ ഖൈൽ റോഡ് വരെയും ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളവാർഡിന്‍റെ ഒരു ഭാഗത്തുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ശരാശരി വേഗം മണിക്കൂറിൽ 30 കി.മീറ്ററിൽ അധികമുള്ള പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾക്കായി പുലർച്ചെ അഞ്ചോടെ പ്രത്യേക സ്പീഡ് ലാപ്പുകൾ ആരംഭിച്ചു.
രാവിലെ 6.15-ന് വിനോദയാത്രാ വിഭാഗത്തിനുള്ള റൈഡ് ആരംഭിച്ചു. പങ്കെടുത്തവർക്ക് പ്രധാനമായും രണ്ട് റൂട്ടുകളാണ് ഉണ്ടായിരുന്നത്: 12 കി.മീ. ഷെയ്ഖ് സായിദ് റോഡ് റൂട്ട്, 4 കി.മീ. ഡൗണ്ടൗൺ ഫാമിലി റൂട്ട്. ബുർജ് ഖലീഫ, ദുബായ് ഓപ്പറ, ദുബായ് മാൾ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാതയാണിത്.
പങ്കെടുക്കുന്നവർക്ക് എളുപ്പത്തിൽ വേദിയിൽ എത്തിച്ചേരാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ദുബായ് മെട്രോയുടെ പ്രവർത്തന സമയം പുലർച്ചെ 3 മുതൽ അർധരാത്രി വരെ നീട്ടിയിരുന്നു. കഴിഞ്ഞ വർഷം 37,130 പേരാണ് റൈഡിൽ പങ്കെടുത്തത്.