സാമൂഹിക പ്രവർത്തകൻ കെ. കുമാര്‍ നിര്യാതനായി

കേന്ദ്ര സര്‍ക്കാറിന്‍റെ പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
social activist k. sumar passes away
സാമൂഹിക പ്രവർത്തകൻ കെ. കുമാര്‍ നിര്യാതനായി
Updated on

ദുബായ്: യുഎഇയിലെ സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന കെ. കുമാര്‍ അന്തരിച്ചു. ദീർഘ കാലത്തെ യുഎഇ പ്രവാസം മതിയാക്കി കാലിഫോർണിയയിലുള്ള പെൺമക്കൾക്കൊപ്പമായിരുന്നു അദ്ദേഹവും ഭാര്യയും അവസാന നാളുകളിൽ ജീവിച്ചിരുന്നത്.

ദുരിതങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പ്രവാസി ഇന്ത്യക്കാർക്ക് നിർണായക സഹായം നൽകുന്നതിനായി അദ്ദേഹം ദുബൈ ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടി (ഐ.സി.ഡബ്ലിയു.എഫ്)ൽ കൺവീനറായി ഏറെ കാലം സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തുന്ന പാവപ്പെട്ടവരുടെ അത്താണിയായിരുന്ന അദ്ദേഹം ദുബൈ പോര്‍ട്ട് & കസ്റ്റംസിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു.

ദുബായിലെ ഇന്ത്യന്‍ അസോസിയേഷനെ ജനകീയമാക്കിയ സംഘാടകനായിരുന്നു. ഇന്ത്യന്‍ സ്പോര്‍ട്സ് ക്ലബ്ബിന്‍റെ അമരക്കാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. മലയാളിയല്ലെങ്കിലും ദുബൈയിലെ മലയാളി സംഘടനകള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. മൂന്ന് ദിവസം മുൻപായിരുന്നു കുമാറിന്‍റെ ഭാര്യ മരിച്ചത്. അസുഖ ബാധിതനായി ഐ.സി.യുവിലായിരുന്ന അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിരുന്നില്ല.

വയലാര്‍ രവി കേന്ദ്ര പ്രവാസി കാര്യ മന്ത്രിയായിരുന്ന കാലത്ത് ഏറ്റവും നല്ല സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പ്രവാസി ഭാരതീയ ദിവസ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഷാർജ ഇന്ത്യൻ അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി

കെ. കുമാറിന്‍റെ വിയോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജ്ഞാനം, വിനയം, സേവനത്തോടുള്ള അഭിനിവേശം എന്നിവ കൊണ്ടെല്ലാം മാതൃകാ വ്യക്തിത്വമായിരുന്നു കെ. കുമാർ എന്നും അദ്ദേഹത്തിന്‍റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര സന്ദേശത്തിൽ പറഞ്ഞു.

കെ. കുമാറിന്‍റെ വേർപാട് അങ്ങേയറ്റം ദു:ഖകരമാണെന്ന് സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ പുന്നക്കന്‍ മുഹമ്മദലി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com