
പൂർണ ചന്ദ്രഗ്രഹണം കാണാൻ ഷാർജയിൽ പ്രത്യേക സൗകര്യങ്ങൾ
ഷാർജ: യുഎഇ യുടെ ആകാശത്ത് സെപ്റ്റംബർ 7-ന് ദൃശ്യമാവുന്ന പൂർണ ചന്ദ്രഗ്രഹണം, 20ന് കാണാൻ സാധിക്കുന്ന സാറ്റേൺ ഓപ്പോസിഷൻ എന്നിവയുടെ ഭാഗമായി ഷാർജയിലെ മലീഹ നാഷണൽ പാർക്കിലെ മലീഹ ആർക്കിയോളജിക്കൽ സെന്‍ററിൽ പ്രത്യേക പരിപാടികൾ നടത്തും. വാനനിരീക്ഷണത്തിലും ജ്യോതി ശാസ്ത്രത്തിലും താത്പര്യമുള്ളവർക്ക് ആകർഷകമായ അനുഭവങ്ങളൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പാർക്കിൽ പ്രത്യേകം തയാറാക്കുന്ന പനോരമിക് ലോഞ്ചുകളിലാണ് വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാരാന്ത്യത്തിലാണ് രണ്ട് ആകാശവിസ്മയങ്ങളുമെന്നതിനാൽ കുടുംബസമേതം ആസ്വദിക്കാനുള്ള അവസരമാണിത്. ശനി ഭൂമിയോട് ഏറ്റവും അടുത്തെത്തി രാത്രിയിൽ മുഴുവൻ തെളിച്ചത്തോടെ കാണപ്പെടുന്ന അവസ്ഥയാണ് സാറ്റേൺ ഓപോസിഷൻ എന്നറിയപ്പെടുന്നത്.
ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെയും വ്യക്തമായ കാഴ്ചകൾ ഇതോടൊപ്പം ലഭ്യമാവുമെന്ന് വാനനിരീക്ഷകർ പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് discovershurooq.gov.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ +971 6 802 1111 എന്ന നമ്പറിൽ വിളിക്കാമെന്ന് അധികൃതർ അറിയിച്ചു.