
ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായുള്ള ഇന്‍റർസെക്ഷൻ എമിറേറ്റ്സ് റോഡിലേക്ക് നീട്ടുന്നതിനുള്ള അൽ ഫായ് സ്ട്രീറ്റ് വികസന പദ്ധതിക്ക് ദുബൈയുടെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) കരാർ നൽകി.
13,500 മീറ്റർ പാലങ്ങളും 12,900 മീറ്റർ റോഡുകളും ഉൾക്കൊള്ളുന്ന അഞ്ച് പ്രധാന കവലകളുടെ വികസനവും ഇതിൽ ഉൾപ്പെടുന്നു. പൂർത്തിയാകുമ്പോൾ, അൽ ഫായ് സ്ട്രീറ്റ് മണിക്കൂറിൽ 64,400 വാഹനങ്ങളെ ഉൾക്കൊള്ളുകയും താമസ, വികസന മേഖലകൾക്ക് സേവനം നൽകുകയും ചെയ്യും. ഇത് ഏകദേശം 600,000 താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടും.
ദുബായ് സ്‌പോർട്‌സ് സിറ്റി, ജുമൈറ വില്ലേജ് സർക്കിൾ, ദുബായ് പ്രൊഡക്ഷൻ സിറ്റി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, തിലാൽ അൽ ഗാഫ്, ഡമാക് ലഗൂൺസ്, ദി ഒയാസിസ്, റെംറാം എന്നിവയുൾപ്പെടെ വിവിധ താമസ-വികസന മേഖലകൾക്ക് ഈ പദ്ധതി സഹായകമാകുമെന്നും ആർടിഎ ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.
അൽ ഖൈൽ റോഡിലൂടെ എമിറേറ്റ്‌സ് റോഡിലേക്കുള്ള സുഗമവും നേരിട്ടുള്ളതുമായ ഗതാഗതം ഇത് നൽകും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനും എമിറേറ്റ്‌സ് റോഡിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കും. റോഡ് ഉപയോക്താക്കൾക്ക് സുഗമവും സുരക്ഷിതവുമായ മൊബിലിറ്റി ഇത് ഉറപ്പാക്കുമെന്നും അൽ തായർ വ്യക്തമാക്കി.