
അപൂര്‍വ ഹൃദ് രോഗവുമായി സുഡാന്‍ ബാലൻ: പുതുജീവൻ നൽകി ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ ഡോക്റ്റർമാർ
ദുബായ്: ജീവന് ഭീഷണിയായ അപൂര്‍വ്വ ജനിതക ഹൃദ്രോഗം ബാധിച്ച 14-വയസുള്ള സുഡാനീസ് ബാലന്‍ മാസിന്‍ മുന്തസിര്‍ ഹസ്സന്‍റെ രോഗം വിജയകരമായി ചികിത്സിച്ച് ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്റ്റർമാർ. ഹൃദ് രോഗ വിഭാഗം മേധാവിയും, മന്‍ഖൂൽ ആസ്റ്റര്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്‍റ് ഇന്‍റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. നവീദ് അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ബാലനെ ചികിത്സിച്ചത്.
മാസിന്‍ മുന്തസിര്‍ ഹസ്സന് സ്ഥിരമായി ക്ഷീണം അനുഭവപ്പെടുകയും, തല കറങ്ങി വീഴുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്തതോടെയാണ് ആസ്റ്റര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം നടത്തിയ പരിശോധനയില്‍ ഹൃദയത്തിന്‍റെ പ്രധാന പമ്പിങ് ചേംബറായ ഇടതു വെന്‍ട്രിക്കിളിന്‍റെ ഭിത്തികള്‍ കട്ടിയാകുന്ന അവസ്ഥയായ വെന്‍ട്രികുലാര്‍ ഹൈപ്പര്‍ട്രോഫി ആണെന്ന് ബോധ്യപ്പെട്ടു. കൂടുതൽ പരിശോധനയിൽ ഹൃദയത്തില്‍ നിന്ന് ശരീരത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന ധമനിയില്‍ അസാധാരണമായ ചുരുക്കം, അഥവാ ജന്മസിദ്ധമായ അയോര്‍ട്ട കോര്‍ക്‌റ്റേഷന്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
അയോര്‍ട്ട കോര്‍ക്‌റ്റേഷന്‍ സാധാരണയായി ശൈശവ ഘട്ടത്തില്‍ അല്ലെങ്കില്‍ ബാല്യകാലത്താണ് തിരിച്ചറിയപ്പെടുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍റ് ക്ലിനിക്ക്‌സ് യുഎഇ ഹൃദ് രോഗ വിഭാഗം മേധാവിയും, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ കണ്‍സള്‍ട്ടന്‍റ് ഇന്‍റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. നവീദ് അഹമ്മദ് പറഞ്ഞു.
ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയയ്ക്ക് പകരം, കാര്‍ഡിയോളജി ടീം സ്റ്റെന്‍റ് പ്ലെയ്‌സ്‌മെന്‍റിനൊപ്പം ഏറ്റവും കുറഞ്ഞ അപകട സാധ്യതകളുള്ള കോആര്‍ക്ക്‌ടോപ്ലാസ്റ്റിയാണ് തെഞ്ഞെടുത്തത്. ഫെമോറല്‍ ധമനിയിലൂടെയാണ് ഇത് ചെയ്തത്. ഇതിന്‍റെ ഫലം മികച്ചതായിരുന്നു, മാസിന്‍ വൈകാതെ പൂര്‍ണ്ണവും സജീവവുമായ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എനിക്ക് ജീവിതം തിരികെ നല്‍കിയ ഡോ. നവീദിനോടും ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലെ മെഡിക്കല്‍ ടീമിനോടും ഞാന്‍ ആത്മാർഥമായ നന്ദി അറിയിക്കുന്നതായും മാസിന്‍ വ്യക്തമാക്കി. മാസിന്‍റെ അമ്മയും സഹോദരനും ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. നവീദിനും, മെഡിക്കല്‍ സംഘത്തിനും നന്ദി അറിയിച്ചു.