
സുദിക്ഷ, ജോഷ്വ റിബെ
പിറ്റ്സ്ബർഗ്: ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിനസോഡയിലെ സെന്‍റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയറായ സുഹൃത്ത് ജോഷ്വ റിബെയുടെ പാസ്പോർട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അധികൃതർ പിടിച്ചെടുത്തു.
ജോഷ്വ റിബെയുടെ കൂടെയാണ് സുദിക്ഷയെ അവസാനമായി കണ്ടത്. സുദിക്ഷയെ കാണാതായി 10 ദിവസം പിന്നിട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജോഷ്വ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നു പോകുന്നതു തടയാനാണ് അധികൃതരുടെ നടപടിയെന്ന് ന്യുയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അമെരിക്കയിലെ അയോവ സംസ്ഥാനത്ത് നിന്നുള്ളയാളാണ് ജോഷ്വ. അധികൃതരെ സഹായിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഈ കടൽ അപകടം പിടിച്ചതാണെന്നും ജോഷ്വ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജോഷ്വയുടെ പാസ്പോർട്ട് പിടിച്ചെടുത്ത സംഭവം അദ്ദേഹത്തിന്‍റെ അഭിഭാഷകർ സ്ഥിരീകരിച്ചു. അന്വേഷണം പൂർത്തിയാകുന്നതു വരെ
അദ്ദേഹത്തിന്‍റെ കൂടെ എപ്പോഴും പൊലീസിനെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്നുമാണ് പുതിയ റിപ്പോർട്ട്.
സുദിക്ഷയോടൊപ്പം അവസാനം ഉണ്ടായിരുന്ന വ്യക്തിയാണ് ജോഷ്വ. മാർച്ച് ആറിനു പുലർച്ചെ നാലിന് സുദിക്ഷയുടെ കൈ പിടിച്ച് ജോഷ്വ മറ്റു സുഹൃത്തുക്കളോടൊപ്പം ബീച്ചിലേയ്ക്കു നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
5.50ന് സുഹൃത്തുക്കൾ മടങ്ങിപ്പോയി. സുദിക്ഷയും ജോഷ്വയും ബീച്ചിൽ തുടർന്നു. പിന്നീട് ഇരുവരും നീന്താൻ പോയി. വലിയ തിര വന്നപ്പോൽ താൻ സുദിക്ഷയെ രക്ഷിച്ചതായി ജോഷ്വ അധികൃതരോട് പറഞ്ഞു. പക്ഷേ, ഉപ്പു വെള്ളം കുടിക്കേണ്ടി വന്നതോടെ ശാരീരിക അസ്വസ്ഥതയുണ്ടായി.
സുദിക്ഷയെ അവസാനമായി കണ്ടത് വെള്ളത്തിലൂടെ നടക്കുന്നതായാണ്. എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു താൻ ചോദിച്ചു. മറുപടി കേട്ടില്ല. അതിനു മുൻപ് താൻ ഉപ്പു വെള്ളം കുടിച്ചതിനെ തുടർന്ന് ഛർദ്ദിക്കാൻ തുടങ്ങി. പിന്നീട് ബീച്ചിൽ വച്ച് ബോധം മറഞ്ഞു. ഉണർന്നപ്പോൾ മുറിയിലേയ്ക്കു തിരിച്ചു പോയി എന്നാണ് ജോഷ്വയുടെ മൊഴി. ഇതിൽ അന്വേഷണ സംഘത്തിന് സംശയമുണ്ടെന്നാണ് വിവരം.