
യുഎഇയിൽ സുമതി വളവ് റിലീസ് ഓഗസ്റ്റ് ഒന്നിന്; പുതിയ ഭാവുകത്വം പകരുന്ന ഹൊറർ ചിത്രമെന്ന് അണിയറ പ്രവർത്തകർ
ദുബായ്: ദുബായ് തന്‍റെ ഭാഗ്യ നഗരമാണെന്ന് നടൻ അര്‍ജുന്‍ അശോകന്‍ പറഞ്ഞു. അഭിനയത്തിന് ഒരു ഇടവേള നൽകി ദുബായില്‍ വന്നപ്പോഴാണ് രോമാഞ്ചം എന്ന ചിത്രത്തിലേയ്ക്ക് സൗബിന്‍ ഷാഹിറിന്‍റെ ക്ഷണം ലഭിച്ചത്. രണ്ട് ദിവസം മുൻപ് ഇവിടെ എത്തിയ ഉടൻ തന്നെ നാട്ടിൽ നിന്ന് വലിയൊരു പ്രോജക്ടിന്‍റെ കാര്യം ശരിയായി എന്ന അറിയിപ്പ് ലഭിച്ചു. അതുകൊണ്ട് ഇടക്ക് ദുബായിൽ പോയി വാ എന്നാണ് പിതാവ് ഹരിശ്രീ അശോകൻ ഇപ്പോൾ പറയുന്നതെന്നും അർജുൻ പറഞ്ഞു. വിഷ്ണു ശങ്കര്‍ സംവിധാനം ചെയ്ത തന്‍റെ പുതിയ ചിത്രമായ സുനിതാ വളവിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായ് മാളിലെ റീൽ സിനിമാസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുമതി വളവ് പേടിത്തൊണ്ടന്മാരായ നാട്ടുകാരുടെ കഥയാണ്. മണിച്ചിത്രത്താഴ് പുറത്തിറങ്ങിപ്പോള്‍ ഹിറ്റാകാത്ത കേരളത്തിലെ ഏക ഗ്രാമമെന്ന റഫറൻസിലാണ് സിനിമയുടെ തുടക്കം. പേടിത്തൊണ്ടനായ അപ്പു എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് അർജുൻ പറഞ്ഞു. പരസ്പരമുള്ള വിശ്വാസമാണ് ചിത്രത്തെ മികച്ചതാക്കി മാറ്റിയത്. രോമാഞ്ചത്തിലെ അനാമിക ആദ്യം ഭാഗ്യം കൊണ്ടുവന്നു. പിന്നീട് ഭ്രമയുഗത്തില്‍ ചാത്തനും ഇപ്പോള്‍ സുമതിയും വന്നു. ഇനി ഏതൊക്കെ യക്ഷികളാണ് ബാക്കിയുള്ളതാണെന്ന് അറിയില്ല. എന്ന് അർജുൻ അഭിപ്രായപ്പെട്ടു. നല്ല കഥാപാത്രങ്ങളും നല്ല കഥയുമാണെങ്കില്‍ മറ്റൊന്നും നോക്കാതെ അഭിനയിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു.
'മാളികപ്പുറ'ത്തിന് കുടുംബ പ്രേക്ഷകര്‍ തന്നെ പിന്തുണയാണ് ഈ ചിത്രം ചെയ്യാൻ പ്രേരണയായതെന്ന് വിഷ്ണു ശശി ശങ്കര്‍ പറഞ്ഞു. അത് കണക്കിലെടുത്ത് അമ്മമാര്‍ക്കും പ്രായമുള്ളവര്‍ക്കും കൊച്ചുകുട്ടികള്‍ക്കുമെല്ലാം ഒരേസമയം രസിക്കുന്ന രീതിയിൽ ചിത്രം ഒരുക്കിയത് എന്ന് സംവിധായകൻ പറഞ്ഞു. കേരളത്തിലെ തിരുവനന്തപുരത്തെ മൈലമൂടിലെ അതേ പേരിലുള്ള ഒരു സ്ഥലവുമായി ബന്ധപ്പെട്ട നാടോടിക്കഥകളും യഥാര്‍ഥ ജീവിത സംഭവങ്ങളും ഈ സിനിമയ്ക്ക് പ്രചോദനമായെന്നും വിഷ്ണു പറഞ്ഞു. 90കളിലെ വൈബാണ് തന്നെ എഴുതാൻ പ്രേരിപ്പിക്കുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞു.1980കളുടെ അവസാനത്തിലും 90കളിലും ഹിറ്റായ ചിത്രങ്ങള്‍ പോലുള്ളവ എഴുതണമെന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കിരീടം പോലുള്ള ഒരു സിനിമക്ക് തിരക്കഥ എഴുതുക എന്നതാണ് മോഹം.
സുമതിവളവില്‍ 1993 കാലഘട്ടം പുനരാവിഷ്‌കരിച്ചത് മണിച്ചിത്രത്താഴ് എന്ന ചിത്രം റഫന്‍സായി എടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ മറ്റു നടീനടന്മാരായ ബാലു വര്‍ഗീസ്, ഗോപികാ അനില്‍, ശ്രാവണ്‍ മുകേഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചിത്രത്തിന്‍റെ പ്രിമിയര്‍ ഷോയും അരങ്ങേറി. വാട്ടര്‍മാന്‍ ഫിലിംസ്, ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ മുരളി കുന്നുംപുറത്ത്, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച സുമതി വളവ് വെള്ളിയാഴ്ച യു എ ഇ യിലെ വിവിധ കേന്ദ്രങ്ങളിൽ റിലീസ് ചെയ്യും.