

തൊഴിലാളികൾക്കു ശുദ്ധജലം വിതരണം; ഒരു വർഷം പൂർത്തിയാക്കി 'മായാൻ' പദ്ധതി
ഷാർജ: തൊഴിലാളികൾക്കു ശുദ്ധജലം വിതരണം ചെയ്യാൻ ഷാർജ ഔഖാഫ് ഇറക്കിയ മൊബൈൽ വാഹനത്തിന്‍റെ സേവനം ഒരു വർഷം പൂർത്തിയാവുന്നു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും വെള്ളം വിതരണം ചെയ്യുന്നതായി ഷാർജ എൻഡോവ്മെന്‍റ് ഡിപ്പാർട്മെന്‍റ് അറിയിച്ചു.
അൽസയൂഹ്, അൽ ഹൂശി, അൽ തയ്, തലാൽ സിറ്റി, സാഹിയ, ജാദ ഉൾപ്പെടെ പ്രധാന നിർമാണ മേഖലകളിലാണു ‘മായാൻ’എന്നു പേരിട്ട പദ്ധതി വഴി ശുദ്ധജലം നൽകുന്നത്.
പ്രതിദിനം 4,000 ലിറ്റർ തണുപ്പിച്ച വെള്ളമാണു തൊഴിലാളികൾക്ക് എത്തിക്കുന്നത്. രാവിലെയും വൈകിട്ടുമാണു വിതരണം. ഷാർജ സെന്‍റർ ഫോർ വൊളന്‍റിയറുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്.