
യുഎഇ യിൽ താപനില വർധിക്കുന്നു: ദൈദിൽ ചൂട് 50.2° സെൽഷ്യസ് കടന്നു
ഷാർജ: യുഎഇയിലെ താപനില 50° സെൽഷ്യസ് കടന്നു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഷാർജ അൽ ദൈദിൽ 50.2° സെൽഷ്യസ് താപനില രേഖപ്പെടുത്തി. രാജ്യം നിലവിൽ 'ജംറത് അൽ ഖൈദ്' സീസണിലാണുള്ളത്. ഇത് വേനൽക്കാലത്തെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ഘട്ടമായി കണക്കാക്കപ്പെടുന്നു. ഈ സീസണിൽ കൊടും ഉഷ്ണമാണ് അനുഭവപ്പെടുന്നത്. പകൽ സമയത്ത് 50° സെൽഷ്യസ് കവിയും. 'സമൂം വിൻഡ്സ്' എന്നറിയപ്പെടുന്ന വരണ്ട മരുക്കാറ്റും പ്രതീക്ഷിക്കാം.
യഥാർഥത്തിൽ വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പു തന്നെ, അഥവാ ജൂലൈ മൂന്നിന് യുഎഇയിൽ ചൂട് 51.6° സെൽഷ്യസ് എന്ന ഉയർന്ന നിലയിലെത്തിയിരുന്നു. ഈ വർഷത്തെ ഇതു വരെയുള്ള ഏറ്റവും ഉയർന്ന താപനില ഇക്കഴിഞ്ഞ മെയ് 24ന് അൽ ഐനിലെ സ്വൈഹാനിൽ ആണ് രേഖപ്പെടുത്തിയത്.
താപനില ഉയർന്ന സാഹചര്യത്തിൽ റോഡ് ഉപയോക്താക്കൾ അവരുടെ വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.. ടയർ പരിശോധനകൾ പതിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കടുത്ത ചൂടിൽ ടയർ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ചെറിയ സമയത്തേക്കാണെങ്കിൽ പോലും കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോകരുതെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. ഗാർഹിക ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അധികൃതർ നിർദേശിച്ചു.