മലയാളി വ്യവസായി എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവചരിത്രം ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു

മകനും ആർ.എഫ് കൈമ്പൻ ഡയറക്റ്ററും സിഇഒയുമായ എം.കെ. ഫസലുറഹ്മാനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്
Director Lal Jose releases *Podi Podicha Jeevitham*, the biography of M.K. Moithunni Bava—the helmsman of the ‘RF Kaimban-Nellara’ group—at a ceremony held at the Hyatt Regency, Dubai.

‘ആർ.എഫ് കൈമ്പൻ-നെല്ലറ’ ഗ്രൂപ്പിന്‍റെ അമരക്കാരനായ എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവചരിത്രം ‘പൊടി പൊടിച്ച ജീവിതം’ ദുബായ് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലാൽജോസ് പ്രകാശനം ചെയ്യുന്നു

Updated on: 

ദുബായ്: കേരളത്തിലെ സാധാരണ കർഷക കുടുംബത്തിൽ നിന്ന് ഗൾഫിൽ കുടിയേറി, പ്രതിസന്ധികൾ അതിജീവിച്ച് ‘ആർ.എഫ് കൈമ്പൻ-നെല്ലറ’ ഗ്രൂപ്പിന്‍റെ അമരക്കാരനായി മാറിയ എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവചരിത്രം ‘പൊടി പൊടിച്ച ജീവിതം’ ദുബായിൽ പ്രകാശനം ചെയ്തു.

ദുബായ് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലാൽജോസ് പുസ്തകം പ്രകാശനം ചെയ്തു. മകനും ആർ.എഫ് കൈമ്പൻ ഡയറക്റ്ററും സിഇഒയുമായ എം.കെ. ഫസലുറഹ്മാനാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. മാധ്യമം ബുക്സാണ് പ്രസാധകർ. മലയാളത്തിന് നിരവധി കഥകൾ സമ്മാനിച്ച പ്രവാസിയും തിരക്കഥാകൃത്തുമായ ഇഖ്ബാൽ കുറ്റിപ്പുറമാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

കൊടുംചൂടിൽ ഒട്ടകങ്ങളെ മേച്ചത്, ലേബർ ക്യാമ്പിലെ ദുരിതങ്ങൾ, ദേര ഫിഷ് മാർക്കറ്റിൽ മത്സ്യക്കുട്ടകൾ ചുമന്ന രാത്രികൾ, ഒളിവുജീവിതത്തിന്‍റെ നെഞ്ചിടിപ്പുകൾ, ഒടുവിൽ നായിഫ് ജയിലിന്‍റെ ഇരുമ്പഴിക്കുള്ളിലെ അനുഭവങ്ങൾ എന്നിവയെല്ലാം പുസ്തകം അനാവരണം ചെയ്യുന്നുണ്ട്. അതീഖ് അബ്ദുല്ല അൽ റുഹൂമി എന്ന മനുഷ്യസ്നേഹിയുടെ കരുണയിൽ തടവറയിൽ നിന്ന് പുറത്തുകടന്ന മൊയ്തുണ്ണി ബാവ പിന്നീട് നേടിയ ജീവിത വിജയവും കഠിനാധ്വാനത്തിന്‍റെ പാഠങ്ങളുമാണ് പുസ്തകം പങ്കുവയ്ക്കുന്നത്.

ചെറിയൊരു മില്ലിലെ ഒറ്റയാൾ പട്ടാളമായി തുടങ്ങി വലിയ വ്യവസായ സംരംഭകനായി വളർന്ന അനുഭവമാണ് പുസ്തകത്തിൽ ഉള്ളതെന്ന് ആർ.എഫ് കൈമ്പൻ മാനേജിങ് ഡയറക്റ്റർ ശംസുദ്ദീൻ കരിമ്പനക്കൽ, എം.കെ. ഫസലുർഹ്മാൻ, എക്സിക്യുട്ടിവ് ഡയറക്റ്റർ പി.കെ അബ്ദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകാശന ചടങ്ങിൽ അതീഖ് അബ്ദുല്ല അൽ റുഹൂമിയുടെ മകൻ മുഹമ്മദ് അതീഖ് അബ്ദുല്ല അൽ റുഹൂമിയും, അജ്മാനിലെ സ്പോൺസറായിരുന്ന ഹസൻ റമദാൻ സലീം അൽ ബലൂശിയും പങ്കെടുത്തു.

logo
Metro Vaartha
www.metrovaartha.com