

കുന്നംകുളം പെരുന്നാള്‍ ദുബായിൽ പുനരാവിഷ്കരിക്കാൻ പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ
ദുബായ്: പഴഞ്ഞിക്കാരന്‍ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുന്നംകുളം പെരുന്നാള്‍ രണ്ടാം പതിപ്പ് അടുത്തമാസം ഒന്നിന് നടക്കും. ഖിസൈസ് അമിറ്റി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പെരുന്നാളാഘോഷം നടന്‍ ആസിഫ് അലി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഫുട്ബോൾ താരം ഐ.എം. വിജയന്‍, കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണന്‍ തുടങ്ങിയ സാമൂഹിക കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായെത്തും. ഉച്ചയ്ക്ക് 12 മണിക്ക് പെരുന്നാള്‍ കൊടി കയറും. മേളങ്ങളുടെ അകമ്പടിയോടെ ഗജസംഗമം, പെരുന്നാള്‍ തലേക്കെട്ട് വെക്കല്‍, മോഹനന്‍ വാരിയരുടെ നേതൃത്വത്തില്‍ 51 കലാകാരന്‍മാരുടെ ചെണ്ട മേളം, ശിങ്കാരിമേളം, കൊട്ടിക്കയറ്റം എന്നിവ നടക്കും.
വൈകുന്നേരം വിനീത് ശ്രീനിവാസന്‍ ബാൻഡിന്‍റെ സംഗീതാവതരണം, സ്റ്റീഫന്‍ ദേവസ്സി ഷോ, സ്റ്റീഫന്‍ ദേവസ്സി- സ്ഫടികം രാഗദീപം ഫ്യൂഷന്‍, രാഗദീപം ബാന്‍ഡ്‌സെറ്റ് എന്നിവയും രാത്രി പത്തര മുതല്‍ ജെന്‍സി ഡിജെ എന്നിവയുമാണ് പ്രധാനപരിപാടികള്‍.
വാര്‍ത്താ സമ്മേളനത്തില്‍ കുന്നംകുളം പെരുന്നാള്‍ പ്രസിഡന്‍റ് ഷാജു സൈമണ്‍, കണ്‍വീനര്‍മാരായ സരിന്‍ ചീരന്‍, റോഷന്‍ സത്യന്‍, പബ്ലിക് റിലേഷന്‍ കോര്‍ഡിനേറ്റര്‍ ബ്യൂട്ടി പ്രസാദ്, ഹൈ സ്റ്റേജ് ഇവന്റ്‌സ് ഡയറക്റ്റര്‍ സോനു ഷാജു, സ്‌പോണ്‍സര്‍ഷിപ് കോര്‍ഡിനേറ്റര്‍ സിലിന്‍ സൈമണ്‍, മീഡിയ കോര്‍ഡിനേറ്റര്‍ ജിജോ രാജ് എന്നിവര്‍ പങ്കെടുത്തു.