
പ്രത്യേക ലേഖകൻ
ഒരു കാലത്ത് മലയാളികൾ ഗൾഫിൽ പോയിരുന്നതു പോലെയാണ് ഇപ്പോൾ യൂറോപ്പിലേക്കുള്ള പോക്ക്. ജോലിക്കു മാത്രമല്ല, പഠനത്തിനും യൂറോപ്പിലേക്കു വിമാനം കയറുന്ന മലയാളികളുടെ എണ്ണം ദിനംപ്രതിയെന്നോണം കുതിച്ചുയരുകയാണ്. വിവിധ മേഖലകളില്‍ വിദഗ്ധ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്ന പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവരെ കൂടുതലായി റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍, ഈ അവസരം മുതലെടുത്ത് ചതിക്കുഴികളൊരുക്കി കാത്തിരിക്കുന്നവരെയും കരുതിയിരിക്കണം. ഭാഷാ പരിജ്ഞാനമോ വിദ്യാഭ്യാസ യോഗ്യതയോ ഒന്നുമില്ലാതെ കുടുംബത്തോടൊപ്പം കുടിയേറ്റം ഉറപ്പാണെന്ന മട്ടില്‍ ക്യാന്‍വാസ് ചെയ്യുന്നവരെ സൂക്ഷിക്ക. ഏതു യൂറോപ്യന്‍ രാജ്യത്തേക്കായാലും കുടിയേറ്റത്തിന് അതിന്‍റേതായ വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്.
ഈ പ്രതിസന്ധികളെല്ലാം മറികടന്നാലും കരുതിയിരിക്കാന്‍ മറ്റു പല കാര്യങ്ങളുമുണ്ട്:
ഇതുവരെ പരിചിതമല്ലാത്ത കാലാവസ്ഥയും ജീവിതരീതിയും എല്ലാമായി പൊരുത്തപ്പെടാന്‍ മാനസികമായി തയാറെടുത്തു വേണം യൂറോപ്പിലേക്കു വിമാനം പിടിക്കാന്‍.
ഇനി ജോലിക്കല്ല, പഠിക്കാന്‍ പോകുന്നവരായാലും ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചേ പറ്റൂ. നിത്യച്ചെലവുകള്‍ നേരിടാന്‍ വീട്ടുകാരെ ആശ്രയിക്കുക എന്നത് എല്ലാവര്‍ക്കും പ്രായോഗികമാകണമെന്നില്ല. സ്വന്തം ചെലവിനു പണം കണ്ടെത്താന്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ സാധാരണമാണ്. ഏതു ജോലിയും ചെയ്യാന്‍ സന്നദ്ധരായിരിക്കുക എന്നതാണ് പ്രധാനം. ഹോട്ടല്‍ ജോലികളും കുട്ടികളെ നോക്കലും ശുചീകരണ ജോലിയും ഒക്കെ ഇതില്‍പ്പെടും. പാചകവും തുണിയലക്കലും അടക്കം സ്വന്തം വീട്ടുജോലികളെല്ലാം സ്വയം ചെയ്യാനും സന്നദ്ധരായില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും, അല്ലെങ്കില്‍ വീട്ടില്‍ അത്രയ്ക്ക് പണമുണ്ടായിരിക്കണം.
നാട്ടിലേതു പോലെ, പണമുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കില്‍ ആശുപത്രി സേവനങ്ങള്‍ ലഭ്യമാകുന്ന സമ്പ്രദായവും മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇല്ല. ചെറിയ രോഗങ്ങള്‍ക്കൊന്നും ഡോക്ടറുടെ അപ്പോയിന്‍റ്‌മെന്‍റ് പോലും കിട്ടിയെന്നു വരില്ല പലയിടത്തും. ജലദോഷം വന്നാലും സ്വന്തമായി ആന്‍റിബയോട്ടിക് വാങ്ങിക്കഴിക്കുന്ന ശീലമില്ലാത്തവര്‍ക്ക് ഇതൊക്കെയായി പൊരുത്തപ്പെടാന്‍ നല്ല തയാറെടുപ്പ് വേണം.
ഇംഗ്ലീഷ് അറിഞ്ഞാല്‍ യൂറോപ്പില്‍ നിന്നുപിഴയ്ക്കാമെന്നു കരുതിയാലും നിരാശപ്പെടേണ്ടി വരും. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളാണ് കൂടുതല്‍. അവിടങ്ങളില്‍ അവിടത്തെ ഭാഷ തന്നെ പഠിക്കാതെ ദീര്‍ഘകാലം അതിജീവിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ കാര്യങ്ങള്‍ മുതല്‍ അയല്‍ക്കാര്യങ്ങള്‍ക്കു വരെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
എത്തിയാലുടന്‍ കുടുംബത്തെ കൂടെ കൂട്ടാമെന്നു സ്വപ്നം കാണുന്നവരും യൂറോപ്പില്‍ പലപ്പോഴും നിരാശരാകാറുണ്ട്. ഡിപ്പന്‍ഡന്‍റ് വിസ ലഭ്യമാകാനുള്ള നടപടിക്രമങ്ങളുടെ സങ്കീര്‍ണതയും കാലതാമസവും തന്നെ കാരണം. വലിയ ജീവിതച്ചെലവും പലര്‍ക്കും പ്രതിബന്ധമാകാറുണ്ട്.
അത്യാവശ്യം റിസ്‌കും കഷ്ടപ്പാടുകളും നേരിടാന്‍ തയാറായി തന്നെയാണ് മിക്ക മലയാളികളും പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. അത് കേരളത്തിന്‍റെ പാരമ്പര്യത്തിന്‍റെ തന്നെ ഭാഗവുമാണ്. എങ്കിലും വേണ്ടിവന്നാല്‍ ഒരു വീക്കെന്‍ഡില്‍ നാട്ടില്‍ വന്നു പോകാവുന്നതും, എവിടെ നോക്കിയാലും മലയാളികളുള്ളതുമായ ഗള്‍ഫ് രാജ്യങ്ങളെ പോലെ യൂറോപ്പിനെ കാണരുതെന്ന് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രം.