

റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച ആറ് ഇന്ത്യക്കാരിൽ മൂന്ന് മലയാളികൾ
ദുബായ്: റാസൽഖൈമയിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. കണ്ണൂർ തലശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ് 26, കാസർഗോഡ് അട്ടേങ്ങാനം പാറക്കൽ വീട്ടിൽ അഷ്റഫ് കൊളങ്ങരടി 53, കണ്ണൂർ മട്ടന്നൂർ സ്വദേശി ഹേമന്ത് 29, ആന്ധ്ര സ്വദേശി വിനോദ് കുമാർ 31, തമിഴ്നാട് സ്വദേശി ഗോവിന്ദ്, ഗുജറാത്ത് സ്വദേശി ജിഗ്നേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ദുബായിൽ താമസിച്ചിരുന്ന തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി സങ്കീർത്ത സുരേഷ്, പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനായി ഒമാനിൽ പോയി വിസ മാറി തിരികെ വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.
കാസർഗോഡ് സ്വദേശി അഷ്റഫ് വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു. പുതിയ വിസയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് അഷ്റഫും ഹേമന്തും ഒമാനിൽ പോയത്. മുഹമ്മദ് കുഞ്ഞി, പാത്തുമ്മ ദമ്പതികളുടെ മകനാണ് അഷ്റഫ് കൊളങ്ങരടി.
ചൊവ്വാഴ്ച പുലർച്ചെ 41 യാത്രക്കാരുമായി സഞ്ചരിച്ച ബസ് റാസൽഖൈമ അൽ വതൻ റോഡിൽ സാങ്കേതിക തകരാർ മൂലം നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് 13 പേർ മരിച്ചത്. അപകടത്തിൽ 14 പേർക്ക് പരുക്കേറ്റിരുന്നു.