
ദുബായ്: യുഎഇയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹത്ത പ്രദേശത്ത് പുതിയ ടൂറിസ്റ്റ് സീസണിനെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ദുബായ് പൊലീസ്. ദുബായിലെ ഏറെ ജനകീയമായ വിനോദ സഞ്ചാര, പൈതൃക, സാംസ്കാരിക കേന്ദ്രമാണിത്. ആ പ്രാധാന്യം കണക്കിലെടുത്ത് നിരവധി സുരക്ഷാ, ട്രാഫിക് മുന്നൊരുക്കങ്ങൾ നടത്തിയതായി ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുബാറക് അൽ കിത്ബി പറഞ്ഞു.
എല്ലാ വർഷവും ഒക്‌ടോബറിലാണ് ഹത്ത മേഖലയിൽ ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് എന്നിവയുമായി സഹകരിച്ചാണ് സുരക്ഷാ, ട്രാഫിക് പ്ലാൻ തയാറാക്കുന്നത്.
കാര്യക്ഷമമായ സുരക്ഷാ, ട്രാഫിക് പ്രോഗ്രാമുകളുടെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ ക്രിമിനൽ, ട്രാഫിക് മേഖലകളിൽ ഒരു കേസും ഇവിടെ രേഖപ്പെടുത്തിയിട്ടില്ലെന്നും, നിരന്തര സ്ക്വാഡ് പ്രവർത്തനങ്ങളും മറ്റും അതിനു സഹായിച്ചുവെന്നും അദേഹം വ്യക്തമാക്കി.
ദുബായ് പൊലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശ പ്രകാരം ടൂറിസം സുരക്ഷയിൽ വൈദഗ്ധ്യമുള്ള ബ്രേവ് സ്ക്വാഡ് ഇവിടെ സജീവമാണെന്നും ബ്രിഗേഡിയർ ജനറൽ മുബാറക് അൽ കിത്ബി ചൂണ്ടിക്കാട്ടി.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാൻഡർ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിൽ പർവത പ്രദേശങ്ങളിലെ അപകടങ്ങളും രക്ഷാ പ്രവർത്തനങ്ങളും നേരിടാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സ്മാർട്ട് പൊലീസ് സ്റ്റേഷനും ഹത്തയിൽ പ്രവർത്തിച്ചു വരുന്നു.