
ദുബായ് കിങ് സൽമാൻ സ്ട്രീറ്റ് ഇന്‍റർസെക്ഷനിൽ ഗതാഗതം വഴിതിരിച്ചുവിടൽ ഞായറാഴ്ച മുതൽ
ദുബായ്: കിങ് സൽമാൻ സ്ട്രീറ്റിന്‍റെ ഇന്‍റർസെക്ഷനിൽ ഞായറാഴ്ച മുതൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടൽ നടത്തുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായ് ഹാർബറിലേക്കുള്ള പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ മൂലമാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്.
മറീന പ്രദേശത്ത് നിന്ന് ജുമൈറയിലേക്കും, ദുബായ് ഹാർബറിലേക്കും വരുന്നവർക്കായി കിങ് സൽമാൻ സ്ട്രീറ്റിൽ നിന്ന് മുന്നിലേക്കും ഇടത്തേയ്ക്കുമുള്ള ഗതാഗതം തടയുകയും അൽ മാർസ സ്ട്രീറ്റ് വഴി അൽ ഖായ് സ്ട്രീറ്റ്, അൽ നസീം സ്ട്രീറ്റ്, കിങ് സൽമാൻ സ്ട്രീറ്റ് എന്നിവ വഴി തിരിച്ചുവിടുകയും ചെയ്യുമെന്ന് ആർ.ടി.എ വ്യക്തമാക്കി.
യാത്രക്കാർ മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യാനും, ദിശാസൂചനകൾ പിന്തുടരാനും, കാലതാമസം ഒഴിവാക്കാൻ അധിക യാത്രാ സമയം കണക്കാക്കാനും അധികൃതർ നിർദേശിച്ചു. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതു വരെ എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പാലിക്കണമെന്നും, പുതിയ ഗതാഗത നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും ആർ.ടി.എ നിർദേശിച്ചു.