
അബുദാബി: അപ്രതീക്ഷിതമായുണ്ടായ അപകടങ്ങളെ തുടർന്ന് റോഡിൽ രണ്ടു വാഹനങ്ങൾ പെട്ടെന്ന് നിർത്തിയത് ഗുരുതര അപകടങ്ങൾ സൃഷ്ടിച്ചതായി അബുദാബി പൊലീസ് അറിയിച്ചു.
ഇതിന്‍റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് പങ്കുവച്ചു. വീഡിയോയിൽ, ഒരു പിക്കപ്പ് ട്രക്കിൽ നിന്ന് ബെഡ് പറന്നു വീണത് കണ്ടാണ് ഒരു വാഹനം ഡ്രൈവർ നിർത്തിയത്. ഹൈവേയിൽ സ്റ്റീൽ കമ്പികൾ കിടക്കുന്നത് കണ്ടാണ് മറ്റൊരു ഡ്രൈവർ വാഹനം നിർത്തിയത്. രണ്ട് സാഹചര്യങ്ങളിലും ഡ്രൈവർമാർ അപകടങ്ങളിൽ നിന്ന് മാറി നീങ്ങിയിരുന്നെങ്കിൽ മറ്റ് അപകടങ്ങളുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
റോഡുകളിലുണ്ടാകുന്ന ഇത്തരം അപ്രതീക്ഷിത അപകടങ്ങൾ ഒഴിവാക്കണമെന്നും ഒരു കാരണവശാലും വാഹനം റോഡിൽ നിർത്തരുതെന്നും അബുദാബി പൊലീസ് ആവശ്യപ്പെട്ടു. ഡ്രൈവിംഗിൽ മാത്രം സൂക്ഷ്മമായി ശ്രദ്ധിക്കാനും പൊലീസ് ഉപദേശിച്ചു. വാഹനം റോഡിന് നടുവിൽ നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കാവുന്ന ട്രാഫിക് കുറ്റകൃത്യമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
കാർ തകരാറിലായാൽ, റോഡിൽ നിന്ന് മാറി നിൽക്കുകയും അത്യാഹിത സാഹചര്യങ്ങൾക്കായി നിയുക്ത ബേകൾ ഉപയോഗിക്കുകയും ചെയ്യണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം വലതു ഷോൾഡർ ഉപയോഗിക്കാനും ട്രാഫിക് ആൻഡ് സുരക്ഷാ പട്രോളിംഗ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു. ഫോർവേ വാണിംഗ് സിഗ്നലുകൾ ഉപയോഗിക്കാനും, തുടർന്ന് അടുത്തുള്ള എക്സിറ്റിലേക്ക് പോകാനും അദേഹം നിർദേശിച്ചു.