ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ശ്മശാനം: റാസൽഖൈമ ഭരണാധികാരിക്ക് നന്ദി അറിയിച്ച് ദുബായിലെ ഇന്ത്യൻ കോണ്‍സൽ ജനറൽ

അൽ ജസീറ അൽഹംറയിൽ ശ്മശാനം സ്ഥാപിക്കുന്നതിനായി റാസൽഖൈമ സർക്കാർ അനുവദിച്ച ഭൂമി ഔദ്യോഗികമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് കൈമാറി.
Updated on

റാസൽഖൈമ: റാസൽഖൈമയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ശ്മശാനം സ്ഥാപിക്കാൻ ഭൂമി അനുവദിച്ച റാസൽഖൈമ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിക്കും റാസൽഖൈമ സർക്കാറിനും ഇന്ത്യൻ സമൂഹത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നതായി ദുബായിലെ ഇന്ത്യൻ കോണ്‍സൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.

റാക് ഭരണാധികാരിയെ സന്ദർശിച്ച ശേഷം ഇന്ത്യൻ റിലീഫ് കമ്മിറ്റി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അൽ ജസീറ അൽഹംറയിൽ ശ്മശാനം സ്ഥാപിക്കുന്നതിനായി റാസൽഖൈമ സർക്കാർ അനുവദിച്ച ഭൂമി ഔദ്യോഗികമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് കൈമാറി.

ശ്മശാനത്തിന്റെ നിർമാണം, ഭരണനിർവഹണം, ഭാവി പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ ഇന്ത്യൻ സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട കോർ കമ്മിറ്റിയെ ഏൽപ്പിച്ചതായി അദ്ദേഹം അറിയിച്ചു. റാസൽഖൈമയിലെ ഇന്ത്യൻ പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യം യാഥാർഥ്യമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നിർവഹണത്തിന്റെ തുടക്കമെന്ന നിലയിൽ റാസൽഖൈമ മുനിസിപ്പാലിറ്റി നൽകിയ സ്ഥലത്തിന്റെ സ്കെച്ച് മാപ്പ് സതീഷ് കുമാർ ശിവൻ കോർ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി.

കോൺസൽ ജനറലെന്ന നിലയിലെ സേവനകാലവധി പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങുന്ന സതീഷ് കുമാർ ശിവനെ ഇന്ത്യൻ റിലീഫ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഐആർസി പ്രസിഡന്റ് ഡോ. നിസാം നൂറുദ്ദീൻ, അഡ്മിനിസ്ട്രേറ്റർ സി. പത്മരാജ് എന്നിവർ സതീഷ് കുമാർ ശിവനെ സ്വീകരിച്ചു.

കോർ കമ്മിറ്റി അംഗങ്ങളായ രാജീവ് രഞ്ജൻ സിങ്, സുപ്രിയ ഘോഷ്, പ്രദീപ് വർമ, ശ്രീധരൻ പ്രസാദ്, അനിൽ വിദ്യാധരൻ എന്നിവരും സാമൂഹിക പ്രവർത്തകൻ നാസർ അൽദാന തുടങ്ങിയവരും ഇന്ത്യൻ സമൂഹത്തിന് നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും സതീഷ് കുമാർ ശിവനെ നന്ദി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com