അബുദാബി: യുഎഇയിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ തുടങ്ങി. ഇന്ത്യയിലെ പാലിയേറ്റിവ് കെയറിന്‍റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എം.ആർ. രാജഗോപാൽ അടക്കമുള്ള ആഗോള വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സാന്ത്വന പരിചരണം മിഡിൽ ഈസ്റ്റിലെ ആരോഗ്യ മേഖലയിൽ വിപുലമാക്കുന്നതിനുള്ള ചർച്ചകളാണ് സമ്മേളനത്തിൽ നടക്കുന്നത്. ബുർജീൽ ഹോൾഡിങ്‌സ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ നേരിട്ടും ഓൺലൈനിലൂടെയുമായി 3500 പ്രതിനിധികളാണ് പങ്കെടുക്കുന്നുന്നത്.
തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാലിയം ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ചെയർമാൻ എമിരിറ്റസ് ഡോ. രാജഗോപാൽ ആരോഗ്യ മേഖലയിൽ സ്വാന്തന പരിചരണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. മരണമടുക്കുമ്പോൾ അല്ലെങ്കിൽ ചികിത്സ കൊണ്ട് രോഗം ഭേദമാകാത്ത അവസ്ഥയിലാണ് പാലിയേറ്റിവ് കെയർ നൽകേണ്ടത് എന്ന തെറ്റായ ഒരു ചിന്ത സമൂഹത്തിലുണ്ട്.
എന്നാൽ രോഗ ദുരിതം എപ്പോൾ തുടങ്ങുന്നോ അപ്പോൾ തന്നെ പാലിയേറ്റിവ് കെയർ ഉൾപ്പെടുന്ന ആരോഗ്യ പരിരക്ഷ നൽകി തുടങ്ങണം. ഇതിനായി എല്ലാ ഡോക്ടർമാരും പാലിയേറ്റീവ് കെയറിന്‍റെ അടിസ്ഥാന തത്ത്വങ്ങൾ മനസിലാക്കേണ്ടതുണ്ട് എന്ന് ഡോ. രാജഗോപാൽ പറഞ്ഞു.
യുഎഇയുടെ സ്വാന്തന പരിചരണ മേഖലയിൽ കൊണ്ടുവരാൻ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ചും അദേഹം നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. വേദന കുറയ്ക്കുക എന്നത് ഓരോ ആരോഗ്യസേവന ദാതാവിന്‍റെയും ഉത്തരവാദിത്വമാണെന്ന് അദേഹം പറഞ്ഞു.
യുഎഇയിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഹോസ്പൈസ് പാലിയേറ്റീവ് കെയർ സെന്‍റർ സ്ഥാപിക്കാനുള്ള ബുർജീലിന്‍റെ ലക്ഷ്യം കോൺഫറൻസ് അധ്യക്ഷനും ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് മെഡിസിൻ കൺസൾട്ടന്‍റുമായ ഡോ. നീൽ അരുൺ നിജ്ഹവാൻ സമ്മേളനത്തിൽ വിശദീകരിച്ചു. യുഎഇയിലുടനീളം സാന്ത്വന പരിചരണം ആരോഗ്യ സേവനങ്ങളുടെ അവിഭാജ്യ ഘടകമായി മാറുന്ന ഒരു ഭാവിയാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നതെന്ന് അദേഹം പറഞ്ഞു.
ഫ്രണ്ട്സ് ഓഫ് ക്യാൻസർ പേഷ്യന്‍റ്സ് ഡയറക്ടർ ബോർഡ് സ്ഥാപക അംഗവും ചെയർമാനുമായ സോസൻ ജാഫർ, ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ബുർജീൽ കാൻസർ ഇൻസ്റ്റിറ്റ‍്യൂട്ട് സിഇഒ പ്രൊഫ. ഹുമൈദ് അൽ ഷംസി എന്നിവർ സമ്മേളനത്തിന്‍റെ ഉദ്ഘാടന സെഷനിൽ പങ്കെടുത്തു. കോഴിക്കോട് മെഡിക്കൽ കോളെജിൽ അനസ്തേഷ്യോളജി പ്രൊഫസറും മേധാവിയുമായി ജോലി ചെയ്യവേ 1993 - ലാണ് ഡോ. രാജഗോപാൽ സ്വാന്തന പരിചരണത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്.
സമാനഗതിക്കാരായ ആളുകളുടെ സഹായത്തോടെ കോഴിക്കോട് ആരംഭിച്ച പ്രസ്ഥാനം പിന്നീട് ഇന്ത്യയൊട്ടാകെ വളർന്നു. 2003ൽ സ്ഥാപിച്ച പാലിയം ഇന്ത്യ എന്ന ചാരിറ്റബിൾ ട്രസ്റ്റ് എട്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാലിയേറ്റിവ് സേവനങ്ങൾ ആദ്യമായി ആരംഭിച്ചു. അദേഹത്തിന്‍റെ സേവനങ്ങളെ കണക്കിലെടുത്ത് 2018 -ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
ബ്രിട്ടീഷ് ഫിലിം മേക്കർ മൈക്ക് ഹിൽ സംവിധാനം നിർവഹിച്ച ഹിപ്പോക്രാറ്റിക്, ലൈഫ് ബിഫോർ ഡെത്ത് എന്നീ ഡോക്യൂമെന്‍ററികൾ നിരവധി തവണ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോ. രാജഗോപാലിന്‍റെ ജീവിതത്തെ ആധാരമാക്കി എടുത്തവയാണ്.