ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിന് അപേക്ഷ നൽകാൻ തീരുമാനിച്ചിട്ടുള്ള യോഗ്യരായ 200 തൊഴിന്വേഷകർക്ക് ജോലി നൽകുമെന്ന് ഹോട്ട്പാക്ക് അധികൃതർ അറിയിച്ചു. ഇതിൽ 100 പേരെ ഇതിനകം ചുരുക്കപ്പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
ബാക്കിയുള്ളവരെ വൈകാതെ കണ്ടെത്തും. ഇതിന്‍റെ ഭാഗമായി ഹോട്ട്‌പായ്ക്ക് ഗ്ലോബൽ പൊതുമാപ്പ് തേടുന്നവർക്ക് വേണ്ടി തൊഴിൽ അഭിമുഖങ്ങൾ നടത്തി.
യുഎഇയുടെ പൊതുമാപ്പ് സംരംഭത്തിന്‍റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നുവെന്നും ഇത് തങ്ങളുടെ സാമൂഹിക പിന്തുണയുടെയും ഉത്തരവാദിത്തത്തിന്‍റെയും ഭാഗമാണെന്നും ഹോട്ട്പായ്ക്ക് ഗ്ലോബൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുൽ ജബ്ബാർ പി.ബി പറഞ്ഞു.
50 ലക്ഷം ദിർഹത്തിന്‍റെ ക്ഷേമനിധി സ്ഥാപിക്കുന്നതുൾപ്പെടെ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒട്ടേറെ പരിപാടികൾ ഹോട്ട്പാക്ക് നടപ്പാക്കിയിട്ടുണ്ട്.
ഈ ഫണ്ട് കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, കുടുംബങ്ങൾക്കുള്ള ആരോഗ്യ സംരക്ഷണ സഹായം, 'മേയ്ക്ക് എ വിഷ്' പ്രോഗ്രാം എന്നിവ പോലുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് അബ്ദുൾ ജബ്ബാർ പറഞ്ഞു. യുഎയിലെ പാക്കേജിങ്ങ് രംഗത്തെ പ്രമുഖ കമ്പനിയാണ് ഹോട് പാക്.