യുഎഇ പൊതുമാപ്പ് ഒരു മാസം പിന്നിടുന്നു

നിരവധി പേർ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്
UAE amnesty has passed a month
യുഎഇ പൊതുമാപ്പ് ഒരു മാസം പിന്നിടുന്നു
Updated on

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസം പിന്നിടുന്നു. രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് പിഴയോ,നിയമനടപടികളോ പ്രവേശന വിലക്കോ ഇല്ലാതെ സ്വദേശത്തേക്ക് മടങ്ങുന്നതിനോ താമസ പദവി നിയമപരമാക്കി ഇവിടെ തുടരുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്.

നിരവധി പേർ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുണ്ട്. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് തൊഴിൽ നൽകാൻ തയ്യാറായി നിരവധി സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. പൊതുമാപ്പ് അപേക്ഷകൾ പരിഗണിക്കുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

അപേക്ഷകർക്ക് അനുകൂലമായ മൂന്ന് നടപടികളാണ് പൊതുമാപ്പ് തുടങ്ങിയ ശേഷം അധികൃതർ സ്വീകരിച്ചത്.

  • എക്സിറ്റ് പാസിന്‍റെ കാലാവധി 14 ദിവസമെന്നത് നീട്ടി പൊതുമാപ്പ് കഴിയുന്നത് വരെയാക്കി. ഇത് പ്രകാരം ഇതുവരെ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ഒക്ടോബർ 31 നകം രാജ്യം വിട്ടാൽ മതിയാകും. താമസ പദവി നിയമപരമാക്കാൻ താൽപര്യമുള്ളവർക്ക് കൂടുതൽ സമയം ലഭിക്കുന്നു എന്നതാണ് ഇതിന്‍റെ മെച്ചം.

  • അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി കുറഞ്ഞത് 6 മാസമെങ്കിലും വേണം എന്ന നിബന്ധന ഒഴിവാക്കി. പുതിയ നിബന്ധന പ്രകാരം പാസ് പോർട്ട് കാല പരിധി കുറഞ്ഞത് ഒരു മാസമെങ്കിലും മതിയാകും. ഇതോടെ പലർക്കും പാസ് പോർട്ട് പുതുക്കാതെ തന്നെ പൊതുമാപ്പ് നടപടിക്രമങ്ങൾ നടത്താൻ സാധിക്കും.

  • അബുദാബി ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻഷുറൻസ് പിഴ ഒഴിവാക്കിയത് നിരവധി പേർക്ക് ഉപകാരപ്രദമാകും. അപേക്ഷകർ നിശ്ചിത സമയപരിധിക്കുള്ളിൽ ആരോഗ്യ ഇൻഷുറൻസ് എൻറോൾമെൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പിലെ ഹെൽത്ത് കെയർ ഫിനാൻസിങ്ങ് പ്രൊവൈഡേഴ്സ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ബിന അൽ അവാനി പറഞ്ഞു.

Trending

No stories found.

Latest News

No stories found.