
ഈദ്: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ഈദുൽ ഫിത്വർ അവധി മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് മാർച്ച് 30 ഞായർ മുതൽ ഏപ്രിൽ 1 ചൊവ്വ വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള അവധിയായിരിക്കും. റമദാൻ 30ന് അവസാനിച്ചാൽ, അവധി ഏപ്രിൽ 2 ബുധൻ വരെ നീട്ടുമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിൽ അറിയിച്ചു.
പൊതുമേഖലാ ജീവനക്കാരുടെ പെരുന്നാൾ അവധി നേരത്തെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) പ്രഖ്യാപിച്ചിരുന്നു. ഫെഡറൽ ഗവൺമെന്‍റ് ജീവനക്കാർക്കുള്ള അവധി ശവ്വാൽ 1 മുതൽ 3 വരെ ആയിരിക്കും. ശവ്വാൽ 4ന് പ്രവർത്തനം പുനരാരംഭിക്കും. റമദാൻ 30 ദിവസത്തിലാണ് അവസാനിക്കുന്നതെങ്കിൽ 30ന് ഒരധിക പൊതു അവധി കൂടി ഉണ്ടായിരിക്കും.