
അഭിഭാഷകർ, നിയമ ഉപദേഷ്ടാക്കൾ എന്നിവർക്കുള്ള പുതിയ നിയമത്തിന് അംഗീകാരം നൽകി യുഎഇ
ദുബായ്: അഭിഭാഷകർ, നിയമ ഉപദേഷ്ടാക്കൾ എന്നിവരുടെ ലൈസൻസിങ്, പരിശീലനം എന്നിവ പുനർനിർവചിക്കുന്ന നിയമത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. നിയമ-കൺസൾട്ടൻസി മേഖലകളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
വിദേശ നിയമ സ്ഥാപനങ്ങൾക്കും നിയമ കൺസൾട്ടൻസി ഓഫീസുകൾക്കും ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും പുതുക്കുകയും ചെയ്തിട്ടുണ്ട്.
നിയമ മേഖലയിൽ സുതാര്യത, ധാർമ്മിക രീതികൾ, പ്രൊഫഷണൽ ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ വ്യവസ്ഥകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിയമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നിയമ ഗവേഷകർ, ഉപദേഷ്ടാക്കൾ, പ്രതിനിധികൾ എന്നിവരുടെ രജിസ്ട്രേഷൻ പ്രക്രിയയാണ് ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികൾക്കും ശരിയായ അംഗീകാരവും ലൈസൻസും ലഭിക്കുന്നുണ്ടെന്ന് പുതിയ നിയമം ഉറപ്പുവരുത്തുന്നു. അഭിഭാഷകർ പരിശീലന കോഴ്സുകൾ പൂർത്തിയാക്കുകയോ ശാസ്ത്രീയ സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുകയോ വേണം.
നിയന്ത്രണങ്ങളിലെ പ്രധാന വ്യവസ്ഥകൾ:
രാജ്യത്തെ നിയമ സ്ഥാപനങ്ങൾക്കും നിയമ കൺസൾട്ടൻസി കമ്പനികൾക്കും വേണ്ടിയുള്ള ആദ്യത്തെ പ്രത്യേക നിയന്ത്രണം.
പങ്കാളിത്ത കമ്പനി, ലിമിറ്റഡ് ലയബിലിറ്റി കമ്പനി, പൂർണ ഉടമസ്ഥതയുള്ള കമ്പനി എന്നിങ്ങനെ വ്യത്യസ്ത രീതികളിൽ നിയമ -കൺസൾട്ടൻസി കമ്പനികൾ സ്ഥാപിക്കാൻ അനുവാദം നൽകുന്നു.
കമ്പനിയുടെ കരാറിന്‍റെ വിശദാംശങ്ങൾ, ലൈസൻസിങ് നടപടിക്രമങ്ങൾ, ഒരു പ്രൊഫഷണൽ സ്ഥാപനം കൈകാര്യം ചെയ്യുന്നതിനുള്ള ആവശ്യമായ നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് നിയമത്തിൽ പ്രതിപാദിക്കുന്നു.
അഭിഭാഷകരും നിയമ കൺസൾട്ടന്‍റുമാരും ഒന്നിലധികം കമ്പനികളിൽ പങ്കാളികളാകുന്നതിനോ ജോലി ചെയ്യുന്നതിനോ അനുവാദം ഉണ്ടാകില്ല. വിരുദ്ധ താത്പര്യം ഒഴിവാക്കാനാണിത്.
ഒരു പങ്കാളിയുടെ സസ്‌പെൻഷൻ അല്ലെങ്കിൽ മരണം ഉണ്ടായാൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ നിയമത്തിൽ വ്യക്തമാക്കുന്നു.
എല്ലാ പങ്കാളികൾക്കും നിയമം പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ഉണ്ടായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.