യുഎഇ പൊതുമാപ്പ് കാലാവധിക്കു ശേഷം പിടിയിലായത് ആറായിരം പേർ

അനധികൃത കുടിയേറ്റക്കാരും അവർക്ക് അഭയം നൽകുന്നവരും ജോലി നൽകുന്നവരും പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരും
UAE arrests 6000 illegal immigrants after amnesty deadline
യുഎഇ പൊതുമാപ്പ് കാലാവധിക്കു ശേഷം പിടിയിലായത് ആറായിരം പേർ
Updated on

ദുബായ്: യുഎഇയിൽ പൊതുമാപ്പ് കാലാവധി കഴിഞ്ഞതിനു ശേഷം നടത്തിയ പരിശോധനയിൽ ആറായിരം നിയമലംഘകരെ പിടികൂടിയതായി അധികൃതർ അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിനായി 270ലധികം പരിശോധനകളാണ് നടത്തിയത്. ഡിസംബർ 31 നാണ് യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചത്.

ജനുവരിയിലുടനീളം നടന്ന പരിശോധനാ ക്യാംപെയ്നിടെ പിടിക്കപ്പെട്ട 93 ശതമാനം നിയമ ലംഘകരുടെയും നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. നിയമലംഘനങ്ങളെ നിസാരമായി കാണരുതെന്നും പരിശോധനാ ക്യാംപെയ്നുകൾ തുടരുമെന്നും ഫെഡറൽ അഥോറിറ്റി ഫൊർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്റ്റർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.

അനധികൃത കുടിയേറ്റക്കാരും അവർക്ക് അഭയം നൽകുന്നവരും ജോലി നൽകുന്നവരും പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അനധികൃത കുടിയേറ്റക്കാരോടും അവർക്ക് അനധികൃത താമസത്തിന് സൗകര്യമൊരുക്കുന്നവരോടും യാതൊരു സഹിഷ്ണുതയും ഉണ്ടായിരിക്കില്ല എന്നും ഉന്നത ഉദ്യോഗസ്ഥർ. നിയമം ലംഘിക്കുന്നവർക്ക് തടവും 10,000 ദിർഹത്തിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കും.

ഒരു വ്യക്തി അവരുടെ ഔദ്യോഗിക സ്പോൺസറാകാതെ അനധികൃത കുടിയേറ്റക്കാരെ ജോലിക്കു നിയമിച്ചാൽ, അര ലക്ഷം ദിർഹം പിഴ ചുമത്തും. കുടിയേറ്റക്കാർ അവരുടെ സ്‌പോൺസറുടെ കീഴിൽ അല്ലാതെ മറ്റാർക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്നതായി കണ്ടെത്തിയാൽ, തടവ്, നാടുകടത്തൽ, യുഎഇയിൽ വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് സ്ഥിരമായ വിലക്ക് എന്നിവ ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്.

ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന ക്യാംപെയ്നുകൾ നടത്തുന്നതെന്ന് ഐസിപിയിലെ ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആക്റ്റിങ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ സഈദ് സലേം അൽ ഷംസി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com