
ദുബായ്: യു.എ.ഇ എയർ കോറിഡോർ മാപ്പിംഗ് ആരംഭിച്ചു. പൈലറ്റുള്ളതും സ്വയം പ്രവർത്തിക്കുന്നതുമായ ഫ്ലൈയിംഗ് ടാക്സികളും കാർഗോ ഡ്രോണുകളും വിന്യസിക്കാനുള്ള നിയന്ത്രണ ചട്ടക്കൂട് സംബന്ധിച്ച പ്രവർത്തനങ്ങൾ നടന്നു വരുന്നുവെന്നും ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) പ്രഖ്യാപിച്ചു. അടുത്ത 20 മാസത്തിനുള്ളിൽ ഏരിയൽ കോറിഡോറുകളും നിയന്ത്രണങ്ങളും സംബന്ധിച്ച നിർവചനം പുറത്തിറക്കുംമെന്ന് ജി.സി.എ.എ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.
യു.എ.ഇയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും പ്രശസ്തമായ സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന വ്യോമപാതകൾ, രാജ്യത്തിന്‍റെ നഗര പ്രദേശങ്ങളിലുടനീളം പൈലറ്റഡ്, ഓട്ടോണമസ് എയർ ടാക്സികളുടെയും കാർഗോ ഡ്രോണുകളുടെയും തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കുന്നതിന് കൂടുതൽ വ്യാപിപ്പിക്കുമെന്നും അധികൃതർ വിശദീകരിച്ചു. 2026ഓടെ വ്യോമപാത പദ്ധതി ആരംഭിക്കുന്ന ലോകത്തിലെ ആദ്യ നഗരമായിദുബായ് മാറും.
ജനുവരി 9ന് ദുബായ് ഇന്‍റർനാഷണൽ വെർട്ടിപോർട്ട് (ഡി.എക്സ്.വി) എന്ന് നാമകരണം ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യ വാണിജ്യ വെർട്ടിപോർട്ട് പ്രഖ്യാപിക്കുകയുണ്ടായി. ഈ ആഴ്ച ആദ്യം അൽ ബതീൻ, യാസ് ദ്വീപ്, ഖലീഫ തുറമുഖം എന്നിവയുൾപ്പെടെ അബൂദബിയിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. 2026ൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പറക്കും ടാക്സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവിസ് എന്നിവയ്ക്കായിട്ടാണ് വെർട്ടിപോർട്ടുകൾ നിർമിക്കുന്നത്.