
ദുബായ്: കൊക്കകോള കുടിക്കുന്നത് സുരക്ഷിതമാണെന്ന് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ കൊക്കകോള സുരക്ഷിതവും ഉയർന്ന അളവിൽ ക്ലോറേറ്റ് ഇല്ലാത്തതും ആണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. പ്രാദേശിക വിപണികളിലെ കൊക്കകോള ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്നും രാജ്യത്തെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്നും പ്രാദേശിക നിയന്ത്രണ അതോറിറ്റികളും വ്യക്തമാക്കി.
യുഎഇ വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ അബുദാബിയിലെ കൊക്കകോള ബോട്ടിലിംഗ് പ്ലാന്‍റുകളിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നതായതിനാൽ യൂറോപ്യൻ തിരിച്ചുവിളിക്കൽ ബാധകമല്ലെന്നും , മന്ത്രാലയം അറിയിച്ചു. ഉയർന്ന അളവിലുള്ള ക്ലോറേറ്റ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് കൊക്കകോള, സ്പ്രൈറ്റ്, ഫാന്‍റ, മറ്റ് പാനീയങ്ങൾ എന്നിവ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി കൊക്കകോളയുടെ യൂറോപ്യൻ ബോട്ടിലിംഗ് യൂണിറ്റ് അറിയിച്ചതിന് പിന്നാലെയാണ് യു എ ഇ മന്ത്രാലയത്തിന്റെ വിശദീകരണം. 2015-ഇൽ യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി ക്ലോറേറ്റിന്റെ ദീർഘകാലത്തെ ഉപയോഗം കുട്ടികൾക്ക് പ്രത്യേകിച്ച് നേരിയതോ മിതമായതോ ആയ തോതിൽ അയഡിൻ കുറവുള്ളവർക്ക് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.