

ഉച്ചവിശ്രമ നിയമം കർശനമാക്കി യുഎഇ; ഡെലിവറി റൈഡർമാർക്ക് ആശ്വാസം
ദുബായ്: വേനൽച്ചൂട് കടുക്കുന്ന പശ്ചാത്തലത്തിൽ ഡെലിവറി റൈഡർമാർ ഉൾപ്പെടെയുള്ള പുറംജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ഉച്ചവിശ്രമ നിയമ നടപടികൾ കൂടുതൽ ശക്തമാക്കി യുഎഇ.
കഠിനമായ ചൂടിൽ നിന്ന് ആശ്വാസമേകാൻ രാജ്യത്തുടനീളം നിർബന്ധിത ഉച്ചവിശ്രമ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
ഉച്ചയ്ക്ക് ശേഷമുള്ള കടുത്ത വെയിലിൽ ഡെലിവറി ഡ്രൈവർമാരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കാൻ പാടില്ലെന്ന് മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ നടന്നു കൊണ്ടുള്ള ഡെലിവറി സേവനങ്ങൾ പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ ഈ സമയങ്ങളിൽ ഡെലിവറി ഓഡറുകളുടെ അളവ് പരിമിതപ്പെടുത്താനും പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശമുണ്ട്.
ഡെലിവറി ജീവനക്കാർക്ക് വിശ്രമിക്കാനായി രാജ്യത്തുടനീളം പതിനായിരത്തിലധികം ശീതീകരിച്ച വിശ്രമ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബൈക്കുകളുടെ അറ്റകുറ്റപ്പണി, ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, തണുത്ത കുടിവെള്ളം, വൈഫൈ സജ്ജീകരണങ്ങൾ എന്നിവ ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്.
അടുത്തുള്ള വിശ്രമ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ തൊഴിലാളികൾക്കായി പ്രത്യേക ലൊക്കേഷൻ മാപ്പ് സംവിധാനവും മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച് ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കമ്പനി ഉടമകൾക്ക് പിഴ ചുമത്തുമെന്നും പരിശോധനകൾ ഊർജിതമായി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.