
file image
ദുബായ്: എണ്ണയിതര വിദേശ വ്യാപാരത്തിൽ യുഎഇ വൻ വളർച്ച കൈവരിച്ചതായി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തെ ആദ്യ 6 മാസങ്ങളിൽ 1.7 ട്രില്യൺ ദിർഹത്തിന്‍റെ നേട്ടമാണ് കൈവരിച്ചത്. 2024ന്‍റെ ആദ്യ പകുതിയുമായി താരതമ്യപ്പെടുത്തുമ്പോൾ 24% ത്തിന്‍റെ റെക്കോഡ് വളർച്ചയാണ് നേടിയത്.
2021 സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള വ്യാപാര പങ്കാളികളുടെ ശൃംഖല വികസിപ്പിക്കാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ആരംഭിച്ചതിന് ശേഷം വിദേശ വ്യാപാരത്തിൽ ഗണ്യമായ നേട്ടമുണ്ടായതായി ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. 'സെപ്പ'യുടെ കീഴിൽ നാം ഇതു വരെ 28 കരാറുകൾ ഒപ്പുവച്ചു. അതിൽ 10 എണ്ണം പ്രാബല്യത്തിൽ വന്നു. ഇതോടെ ഏകദേശം 3 ബില്യൺ ഉപയോക്താക്കൾ താമസിക്കുന്ന വിപണികളിലേക്ക് തടസമില്ലാതെ കസ്റ്റംസ് പ്രവേശനം നൽകാൻ നമുക്ക് സാധിക്കും' ഷെയ്ഖ് മുഹമ്മദ് നിരീക്ഷിച്ചു.