

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ
അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാഖ്, ഇറാൻ, ലെബനൻ എന്നീ രാജ്യങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർക്ക് യുഎഇ വിദേശകാര്യ മന്ത്രാലയം യാത്രാവിലക്ക് ഏർപ്പെടുത്തി. നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ എത്രയും വേഗം മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പൗരന്മാർക്ക് സഹായത്തിനായി മന്ത്രാലയത്തിന്‍റെ +97180044444 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മേഖലയിലെ അസ്ഥിരമായ സാഹചര്യങ്ങളിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ ക്ഷേമത്തിന് യുഎഇ നൽകുന്ന മുൻഗണനയുടെ ഭാഗമായാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രാലയം നൽകുന്ന എല്ലാ ജാഗ്രതാ നിർദ്ദേശങ്ങളും പൗരന്മാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.