
നൊബേൽ പുരസ്‌കാരം നേടിയ പ്രൊഫ. ഒമർ യാഗിയെ അഭിനന്ദിച്ച് യുഎഇ പ്രധാന മന്ത്രി
ദുബായ്: രസതന്ത്രത്തിന് നൊബേൽ പുരസ്‌കാരം നേടിയ ജോർദാൻ വംശജനായ പ്രൊഫസർ ഒമർ യാഗിയെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു. 'കഴിഞ്ഞ വർഷം യാഗിക്ക് 'അറബ് പ്രതിഭാ പുരസ്കാരം' ലഭിച്ചിരുന്നു. ഇത് ദുബായ് ഭരണാധികാരി നേരിട്ടെത്തിയാണ് സമ്മാനിച്ചത്.
ഒരു വർഷം മുൻപ് ഞങ്ങൾ പ്രൊഫ. ഒമർ യാഗിയെ ആദരിച്ചുവെന്നും ഇന്ന് അദ്ദേഹത്തിന് രസതന്ത്ര നൊബേൽ ലഭിച്ചതിൽ തങ്ങൾ സന്തോഷിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഈ പ്രതിഭയെക്കുറിച്ച് എല്ലാ രാജ്യങ്ങൾക്കു മുന്നിലും ഞങ്ങൾ അഭിമാനിക്കുന്നു. അറബ് യുവത്വത്തിലും പണ്ഡിതന്മാരിലുമുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
'മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ എന്ന നൂതന വസ്തുക്കളുടെ വികസനത്തിനാണ് സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ എന്നിവർക്കൊപ്പം യാഗിയും പുരസ്‌കാരം പങ്കിട്ടത്. പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ശേഷിയുള്ളതാണ് ഈ കണ്ടെത്തൽ.