

സന്ദർശകർക്ക് ഇനി അതിവേഗം ഡിജിറ്റൽ അക്കൗണ്ട് തുറക്കാം: ‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’ പ്രഖ്യാപിച്ച് യുഎഇ സെൻട്രൽ ബാങ്ക്
ദുബായ്: യുഎഇയിലെത്തുന്ന സന്ദർശകർക്ക് വേഗത്തിൽ ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കി യുഎഇ സെൻട്രൽ ബാങ്ക്. ഇതിനായി ‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’ എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), അബുദാബി കൊമേഴ്സ്യൽ ബാങ്ക് . എന്നിവയുമായുള്ള സഹകരണത്തിലൂടെയാണ് ലളിതമായും വേഗത്തിലും സുരക്ഷിതമായും ബാങ്ക് അക്കൗണ്ട് തുറക്കാൻ സന്ദർശകരെ അനുവദിക്കുകയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
യുഎഇയിൽ വന്നിറങ്ങുന്ന സന്ദർശകർക്ക് ബയോമെട്രിക്, മുഖം തിരിച്ചറിയൽ എന്നീ സംവിധാനങ്ങളിലൂടെ ഐസിപിയാണ് ‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’ സമ്മാനിക്കുക.
ഈ സംരംഭം ഡിജിറ്റൽ ഐഡന്‍റി സിസ്റ്റത്തെ എഡിസിബിയുടെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതുവഴി മിനിറ്റുകൾക്കുള്ളിൽ സന്ദർശകർക്ക് ഡിജിറ്റലായി ബാങ്ക് അക്കൗണ്ട് തുറക്കാനാവും. ഡിജിറ്റൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെ അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ അക്കൗണ്ട് ഉടമകൾക്ക് ഇതുവഴി ലഭ്യമാകും.
നിലവിൽ യുഎഇയിലെത്തുന്ന സന്ദർശകർക്ക് ബാങ്ക് അക്കൗണ്ട് തുറക്കാൻ അവസരമുണ്ടെങ്കിലും നിരവധി രേഖകൾ സമർപ്പിക്കേണ്ടതിനാൽ നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. അതുകൊണ്ടു തന്നെ സന്ദർശകർ ആരും ഇതിനായി ആരും ശ്രമിക്കാറുണ്ടായിരുന്നില്ല. .
ഇത് വിനോദ സഞ്ചാരികൾക്ക് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് തുറക്കാൻ അനുവദിക്കുമെന്ന് ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കി. ‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’, ‘ജയ്വാൻ’ കാർഡ്, ആനി പ്ലാറ്റ്ഫോം തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടെ യു.എ.ഇയുടെ ദേശീയ പേയ്മെന്റ് സംവിധാനങ്ങളുമായി വിനോദ സഞ്ചാരികളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സെൻട്രൽ ബങ്കിന്‍റെ ബാങ്കിങ് ഓപറേഷൻസ് ആൻഡ് സപോർട്ട് സർവിസസ് അസി. ഗവർണർ സെയ്ഫ് ഹുമൈദ് അൽ ദാഹിരി പറഞ്ഞു.