
റമദാൻ ആശംസകളുമായി യുഎഇ ഭരണാധികാരികൾ
ദുബായ്: റമദാൻ മാസം തുടങ്ങിയ സാഹചര്യത്തിൽ യുഎഇ യിലെ പൗരന്മാർക്കും താമസക്കാർക്കും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ആശംസ നേർന്നു.
'അല്ലാഹു നമുക്ക് കരുണ നൽകട്ടെയെന്നും എല്ലാവർക്കും സമാധാനവും ഐക്യവും നൽകട്ടെയെന്നും നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം' -അദ്ദേഹം പറഞ്ഞു.
യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തന്‍റെ ആശംസകൾ പങ്കുവെച്ചു.
'പ്രാർഥനകളും അനുഷ്ഠാനങ്ങളും സൽകർമ്മങ്ങളും സ്വീകരിക്കാൻ ഞങ്ങൾ അല്ലാഹുവിനോട് അപേക്ഷിക്കുന്നു. സുരക്ഷിതത്വം, വിശ്വാസം, സുരക്ഷ, ഇസ്ലാം എന്നിവയോടെ എല്ലാവർക്കും അത് തിരികെ നൽകണമേ' -ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാനും ഈ മാസം നന്മയുടെയും കരുണയുടെയും അനുഗ്രഹങ്ങളുടെയും മാസമായിരിക്കട്ടെ എന്ന് പ്രാർഥിച്ചു.
'റമദാൻ നമ്മുടെ രാജ്യത്തിനും ലോകത്തിനും നന്മയുടെയും കരുണയുടെയും അനുഗ്രഹങ്ങളുടെയും ഒരു മാസമാക്കി മാറ്റാൻ സർവശക്തനായ ദൈവത്തോട് ഞാൻ അപേക്ഷിക്കുന്നു. സമൂഹങ്ങളിൽ നന്മ, ദാനം, കാരുണ്യം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് വിശുദ്ധ മാസം' -ഷെയ്ഖ് മൻസൂർ എക്സിൽ കുറിച്ചു.
ദുബായ് കിരീടാവകാശിയും യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും റമദാൻ ആശംസ നേർന്നു.
'അല്ലാഹു നമ്മുടെ രാഷ്ട്രത്തെയും നേതൃത്വത്തെയും ജനങ്ങളെയും അറബ്, ഇസ്ലാമിക സമൂഹങ്ങളെയും നന്മയും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കട്ടെ' -ഷെയ്ഖ് ഹംദാൻ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.