
തൊഴിലുടമ-തൊഴിലാളി ബന്ധം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി യുഎഇ മന്ത്രാലയം
അബുദാബി: യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ കാര്യങ്ങൾ വിശദീകരിച്ച് മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം സമഗ്രമായ ബോധവത്ക്കരണ മാർഗനിർദേശം പുറത്തിറക്കി. തൊഴിൽ നിയമമനുസരിച്ച് യുഎഇയിൽ ഒരു ദിവസത്തെ പരമാവധി പ്രവർത്തന സമയം എട്ട് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്.
ചില പ്രത്യേക മേഖലകളിൽ നിയമപരമായ പരിധിക്കുള്ളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ ഇളവുകളുണ്ട്. ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യാൻ പാടില്ല. മൂന്നാഴ്ച കാലയളവിൽ ആകെ ജോലി സമയം 144 മണിക്കൂറിൽ കൂടരുത്. അധിക ജോലി ചെയ്യുന്നതിന് അടിസ്ഥാന വേതനത്തിന്‍റെ 25 ശതമാനത്തിൽ കുറയാത്ത അധിക നഷ്ടപരിഹാരം ജീവനക്കാർക്ക് ലഭിക്കും. രാത്രി 10 മുതൽ പുലർച്ചെ 4 വരെയുള്ള സമയത്താണ് ഓവർടൈം എങ്കിൽ, അടിസ്ഥാന വേതനത്തിന്‍റെ 50 ശതമാനം അധികമായി നൽകണം. (ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ല).
ആഴ്ചയിൽ അവധി നൽകേണ്ട ദിവസം ജോലി ചെയ്യേണ്ടി വന്നാൽ പകരം ഒരു ദിവസത്തെ അവധിയോ അല്ലെങ്കിൽ അന്നത്തെ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം അധിക വേതനമോ നൽകണം. ജീവനക്കാരുടെ ശമ്പളം കൃത്യമായി ഉറപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴിയാണ് എല്ലാ ശമ്പള വിതരണവും നടത്തേണ്ടത്.
ശമ്പള വിതരണം നൽകേണ്ട തീയതി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ ഡബ്ല്യുപിഎസ് വഴി നൽകണം. ഡബ്ല്യുപിഎസ് വഴിയുള്ള ശമ്പള കൈമാറ്റം, റജിസ്‌ട്രേഷൻ തുടങ്ങിയ എല്ലാ ചെലവുകളുടെയും പൂർണ ഉത്തരവാദിത്തം തൊഴിലുടമയ്ക്ക് മാത്രമാണ്.
ഈ ചെലവുകൾ ജീവനക്കാർ വഹിക്കേണ്ടതില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങൾ നിയമപരമായ മാർഗ നിർദേശങ്ങൾക്കും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയത്തെ സമീപിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.