
സ്കൂൾ തുറക്കുന്ന ദിവസം 'അപകടരഹിത ദിനാചരണം' നടത്താൻ യുഎഇ ആഭ്യന്തര മന്ത്രാലയം: ബ്ലാക്ക് പോയിന്‍റ് നീക്കം ചെയ്യാനും അവസരം
ദുബായ്: യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ഓഗസ്റ്റ് 25 അപകടരഹിത ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ റോഡുകളിൽ ഉണ്ടാകാനിടയുള്ള ഗതാഗത തിരക്ക് കണക്കിലെടുത്താണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. വിവിധ എമിറേറ്റുകളിലെ പൊലീസ് വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
അപകടരഹിത ഡ്രൈവിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദിവസം ഗതാഗത നിയമങ്ങൾ ലംഘിക്കാത്തവർക്ക് ബ്ലാക്ക് പോയിന്‍റിൽ നിന്ന് ഇളവ് നൽകുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിൽ ഒരു പ്രതിജ്ഞ സമർപ്പിക്കുകയും ഓഗസ്റ്റ് 25-ന് ഗതാഗത നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന കാര്യം രജിസ്റ്റർ ചെയ്യുകയും ചെയ്താൽ ഡ്രൈവിംഗ് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കും. 2025 സെപ്റ്റംബർ 15-നകം ഇളവ് പ്രാബല്യത്തിൽ വരും.
കുട്ടികൾ സ്കൂളിൽ പോകുന്ന ദിവസം സുരക്ഷ വർദ്ധിപ്പിക്കുക മാത്രമല്ല, ആവർത്തിച്ചുള്ള ഗതാഗത നിയമ ലംഘനങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നതും ഈ സംരംഭത്തിന്റെ ലക്ഷ്യമാണെന്ന് ഫെഡറൽ ട്രാഫിക് കൗൺസിൽ ചെയർമാൻ ബ്രിഗേഡിയർ ഹുസൈൻ അഹമ്മദ് അൽ ഹരിതി പറഞ്ഞു.
വാഹനമോടിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും റോഡിലെ വേഗ പരിധി പാലിക്കണമെന്നും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും ഔദ്യോഗിക വാഹനങ്ങൾക്കും വഴി നൽകണമെന്നും മന്ത്രാലയം നിർദേശം നൽകി.