വിലസ്ഥിരതയും ലഭ്യതയും ഉറപ്പുവരുത്താൻ കർശന നടപടികളുമായി യുഎഇ മന്ത്രാലയം

സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം രംഗത്ത് വന്നിരിക്കുന്നത്
UAE Ministry takes strict measures to ensure price stability and availability

വിലസ്ഥിരതയും ലഭ്യതയും ഉറപ്പുവരുത്താൻ കർശന നടപടികളുമായി യുഎഇ മന്ത്രാലയം

Updated on

അബുദാബി: യുഎഇയിലെ വിപണികളിൽ അവശ്യസാധനങ്ങളുടെ വിലസ്ഥിരതയും ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി കർശനമായ നിരീക്ഷണ നടപടികളുമായി യുഎഇ സാമ്പത്തിക-വിനോദസഞ്ചാര മന്ത്രാലയം രംഗത്ത്. പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, അരി, പഞ്ചസാര, കോഴിയിറച്ചി, പയറുവർഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിങ്ങനെ ഒൻപത് അവശ്യവസ്തുക്കളുടെ വില മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതിയില്ലാതെ വർധിപ്പിക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സവാള, തക്കാളി തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട വർധനവ് പ്രാദേശിക പ്രതിസന്ധികൾ മൂലമുള്ള താൽക്കാലിക പ്രതിഭാസം മാത്രമാണെന്നും അവയുടെ വിതരണം സുഗമമാക്കുന്നതിനായി അധിക ശേഖരം വിപണിയിലെത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വിപണിയിൽ അവശ്യസാധനങ്ങൾക്ക് ഒട്ടും ക്ഷാമമില്ലെന്നും പകരം സംവിധാനങ്ങൾ ലഭ്യമാണെന്നും അധികൃതർ ഉറപ്പുനൽകുന്നു. ഏതൊരു അടിയന്തര സാഹചര്യത്തെയും നേരിടാൻ ആറുമാസത്തേക്കുള്ള അവശ്യസാധനങ്ങളുടെ കരുതൽ ശേഖരം യുഎഇയുടെ പക്കലുണ്ട്. പ്രാദേശിക സാമ്പത്തിക വികസന വകുപ്പുകളുമായി ചേർന്ന് ഇതുവരെ 7,105 പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. ഇതിൽ അനാവശ്യമായ വിലക്കയറ്റം ഉൾപ്പെടെയുള്ള 567 നിയമലംഘനങ്ങൾ കണ്ടെത്തുകയും 449 താക്കീതുകൾ നൽകുകയും ചെയ്തു. നിയമലംഘനം നടത്തിയവർക്ക് ആകെ 207,250 ദിർഹം പിഴയും ചുമത്തി. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് മന്ത്രാലയത്തിന്‍റെ തീരുമാനം.

വിപണിയിലെ വിലക്കയറ്റത്തെക്കുറിച്ച് പരാതികളുണ്ടെങ്കിൽ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, 8001222 എന്ന നമ്പറിലോ, info@moet.gov.ae എന്ന ഇമെയിൽ വഴിയോ ഉപഭോക്താക്കൾക്ക് അക്കാര്യം അറിയിക്കാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com