അബുദാബി: യുഎഇ ജിയു-ജിറ്റ്‌സു ദേശീയ ടീം ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന ജിയു-ജിറ്റ്‌സു ലോക ചാമ്പ്യൻഷിപ്പിൽ ഏഴ് മെഡലുകൾ നേടി. രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് യുഎഇ സ്വന്തമാക്കിയത്.
ഉമർ അൽ സുവൈദി, ഖാലിദ് അൽ ഷിഹ്ഹി എന്നിവർ സ്വർണവും ബൽഖീസ് അബ്ദുൽ കരീം, സായിദ് അൽ കഥീറി, മുഹമ്മദ് അൽ സുവൈദി എന്നിവർ വെള്ളിയും ആയിഷ അൽ ഷംസി, മൈത ശ്രൈം എന്നിവർ വെങ്കലവും നേടി.
56 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഉമർ അൽ സുവൈദി തന്നെ പിന്തുണച്ചതിന് യുഎഇ ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും യുഎഇ ജിയു-ജിറ്റ്‌സു ഫെഡറേഷനും നന്ദി അറിയിച്ചു.
യുഎഇയുടെ നേട്ടത്തിൽ 62 കിലോ സ്വർണ മെഡൽ ജേതാവ് ഖാലിദ് അൽ ഷിഹ്ഹി സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.