
ജെഫേഴ്സൺ
ഷാർജ: യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ച യുഎഇയിലെ മുൻ മലയാളി പ്രവാസി വിദ്യാർഥി ജെഫേഴ്‌സന്‍റെ മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ യുഎഇ അധികൃതർ കുടുംബത്തിന് അനുമതി നൽകി. ജെഫേഴ്‌സന്‍റെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ അനുമതികൾ കുടുംബത്തിന് ലഭിച്ചതായി ജെഫേഴ്‌സന്‍റെ പിതാവ് ജസ്റ്റിൻ അറിയിച്ചു.ജെഫേഴ്‌സന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ഷാർജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തിൽ സഹായിച്ച ഷാർജ സർക്കാരിന്‍റെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിൻ പറഞ്ഞു.
വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ജെഫേഴ്സന്‍റെ മൃതദേഹം യു എ യിലെത്തിക്കും. ജെഫേഴ്സൺ ജനിച്ചു വളർന്ന ഷാർജയിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 33 വർഷമായി ഷാർജയിൽ താമസിക്കുന്ന ജസ്റ്റിൻ ഷാർജ സർക്കാരിൽ സീനിയർ അക്കൗണ്ടന്‍റാണ്. ഷാർജയിലെ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്ന ജെഫേഴ്സൺ യു കെ യിലെ കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാഫിക് ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് യുകെയിലേക്ക് താമസം മാറിയത്. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്.