

യുഎഇയിലെ വിദ്യാലയങ്ങൾ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകളിലേക്ക്: ആദ്യ ഘട്ടത്തിൽ സ്കൂൾ ബസുകൾ ഉണ്ടാവില്ല
ദുബായ്: യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്ലാസുകളിലേക്ക് തിരിച്ചെത്തുമെങ്കിലും ആദ്യഘട്ടത്തിൽ സ്കൂൾ ബസ് സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പൊതു-സ്വകാര്യ മേഖലകളിലെ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സ്കൂളുകൾ എന്നിവയ്‌ക്കെല്ലാം ഈ നിയന്ത്രണം ബാധകമാണ്. കുട്ടികളെ സ്കൂളിലെത്തിക്കാനും തിരികെ കൊണ്ടുപോകാനും രക്ഷിതാക്കൾ സ്വന്തം നിലയ്ക്ക് ക്രമീകരണങ്ങൾ ചെയ്യേണ്ടി വരും.
ഗതാഗത വകുപ്പുകൾ, മുനിസിപ്പാലിറ്റികൾ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനുള്ള സമയം നൽകുന്നതിനാണ് ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. ഈ തീരുമാനം അവലോകനം ചെയ്യുമെന്നും മാറ്റങ്ങളുണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20 മുതലാണ് രാജ്യത്തെ വിദ്യാലയങ്ങൾ ക്ലാസ് മുറി പഠനത്തിലേക്ക് മാറുന്നത്.