

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബുദാബി: യുഎഇയുടെ ഭാവി നിർണയിക്കുന്നതിൽ ഇമാറാത്തി പൗരൻമാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി-മാനേജ്ഡ് വെർച്വൽ അതോറിറ്റി ആരംഭിക്കാൻ യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നിർദേശം നൽകി.ഇതിന്റെ ഭാഗമായി പൂർണമായും രാജ്യത്തെ പൗരന്മാർ നേതൃത്വം നൽകുന്ന സർക്കാർ അതോറിറ്റിയാണ് നിലവിൽ വരിക.
2025 സാമൂഹിക വർഷമായി ആചരിച്ചതിന്റെ സമാപനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം ഉണ്ടായത്.
യു.എ.ഇ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരായ പൗരൻമാർ പൂർണമായും കൈകാര്യം ചെയ്യുന്നതായിരിക്കും അതോറിറ്റി. ആദ്യമായാണ് ഇത്തരമൊരു സർക്കാർ വകുപ്പ് രൂപപ്പെടുത്തുന്നത്. ഒരു ഡയറക്ടർ ജനറലും ടീം അംഗങ്ങളും നിശ്ചിത കാലയളവിൽ അതോറിറ്റിയെ നയിക്കും. ഇമാറാത്തികളിലെ വിദഗ്ധർ, സ്പെഷലിസ്റ്റുകൾ, പ്രഫഷനലുകൾ, അക്കാദമിക് വിദഗ്ധർ, യുവാക്കൾ, സംരംഭകർ, വിരമിച്ചവർ എന്നിങ്ങനെയുള്ളവരെയാണ് അതോറിറ്റിയുമായി സഹകരിപ്പിക്കാൻ ലക്ഷ്യമിടുന്നത്.