
സേവന സമയം കുറക്കാൻ ഐഐയുടെ ഉപയോഗം: സർക്കാർ പദ്ധതി പ്രഖ്യാപിച്ച് യുഎഇ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ്
ദുബായ്: സേവന സമയം കുറയ്ക്കുന്നതിന് കൃത്രിമ ബുദ്ധി ഉപയോഗിക്കുന്നതിനുള്ള ഫെഡറൽ ഗവൺമെന്‍റിന്‍റെ സ്ട്രാറ്റജിക് പ്ലാൻ 2031 പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. സർക്കാരിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും സർക്കാർ വിഭവങ്ങളുടെ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിനും എഐ എങ്ങനെ ഉപയോഗിക്കാം എന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മികച്ചതും വേഗതയേറിയതും കാര്യക്ഷമവുമായ ഒരു സർക്കാർ സംവിധാനം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിക്കും. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. മുൻകാലങ്ങളിൽ നടപടിക്രമങ്ങളുടെ സങ്കീർണ്ണത പോലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ് വിജയം നിർണയിച്ചിരുന്നതെങ്കിൽ ഇക്കാലത്ത് അത് കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലും ചെയ്യുക എന്നതിലേക്ക് മാറിയിട്ടുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
എഐയുടെ ഉപയോഗത്തിലൂടെ സേവനത്തിനുള്ള ദീർഘമായ നടപടിക്രമങ്ങളുടെ ആവശ്യകത ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ എമിറേറ്റ്‌സ് സർക്കാരിൽ നിയമ മേഖലയ്ക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഇതിനകം തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. പൗരന്മാരിലും താമസക്കാരിലും നിയമങ്ങൾ ചെലുത്തുന്ന സ്വാധീനം അളക്കുന്നതിനുള്ള ഡേറ്റ ശേഖരിക്കുന്നതിന് എഐ ഉപയോഗിക്കുന്നു. ഇത് നിയമനിർമ്മാണം കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും.
2026 ജനുവരി മുതൽ ദേശീയ എഐ സംവിധാനത്തെ കാബിനറ്റ്, മിനിസ്റ്റീരിയൽ ഡെവലപ്‌മെന്‍റ് കൗൺസിൽ, ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്റ്റർ ബോർഡുകൾ എന്നിവയുടെ ഉപദേശക അംഗമായി സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം യുഎഇ പ്രഖ്യാപിച്ചിരുന്നു. കെ.ജി. മുതൽ പൊതുവിദ്യാലയങ്ങളിൽ എഐ പഠിപ്പിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് യുഎഇ.